ഒമാനിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ഒന്നായ മാൾ ഓഫ് മസ്‌കത്തിന്റെ നടത്തിപ്പ് ചുമതല ഇനി മുതൽ ലുലു ഗ്രൂപ്പിന്റെ കീഴിലാകും. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ താമാനി ഗ്ലോബലും തമ്മിൽ ഒപ്പുവച്ചു.ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ, ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, താമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് അൽ മഹ്രുഖിയും കരാറിൽ ഒപ്പുവച്ചു.
മസ്‌ക്കറ്റിൽ നടക്കുകയായിരുന്ന ഒമാൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിലാണ് മാൾ ഓഫ് മസ്‌കത്ത് നിർമ്മിച്ചിരിക്കുന്നത്. മാളിലെ സൗകര്യങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ലുലു ഹോൾഡിങ്ങ്‌സും താമാനി ഗ്ലോബലും ചേർന്ന് പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും ആധുനിക അനുഭവം നൽകുക പ്രധാന ലക്ഷ്യമായി നീങ്ങുന്നു. ഇതിനായി, താമാനി ഗ്ലോബൽ, ലുലു ഹോൾഡിങ്‌സിന് സ്റ്റ്രാറ്റജിക് അഡൈ്വസറായി പിന്തുണ നൽകും.
ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്‌കത്തിൽ, ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് ഉൾപ്പെടെ 200-ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുണ്ട്.മാൾ നടത്തിപ്പിന്റെ ചുമതല ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഈ അവസരത്തിന് വേണ്ടി ഒമാൻ സുൽത്താനും ഭരണകൂടത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ഒമാനിലെ ദീർഘവീക്ഷണമുള്ള നയങ്ങൾ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ദീർഘകാല പങ്കാളിത്തത്തോടെയാണ് ഈ സഹകരണമെന്നും, ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുക ലക്ഷ്യമാണെന്നും യൂസഫലി വ്യക്തമാക്കി.
ലുലു ഹോൾഡിങ്ങ്‌സുമായുള്ള സഹകരണം, ആഗോള നിലവാരത്തിലുള്ള കൂടുതൽ മികച്ച സേവനങ്ങൾ ഒരുക്കാൻ സഹായകരമാകുമെന്ന് താമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.