ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ; പങ്കെടുക്കുന്നത് 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍

പരിസ്ഥിതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഗീത ഫെസ്റ്റിവലിന് വേദിയാകുകയാണ് യു.എ.ഇ. ഏര്‍ത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബര്‍ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍ പങ്കെടുക്കും.സുസ്ഥിരതാ വര്‍ഷമായി 2023 യു.എ.ഇ ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും.

ഇംഗ്ലീഷ് പോപ് താരം ആൻ മരി, മൊറോക്കൻ ഗായകൻ റെഡ് വൺ, തുര്‍ക്കിയിൽ നിന്നുള്ള മുസ്തഫ സെസെലി, എമിറാത്തി ആര്‍ട്ടിസ്റ്റ് അര്‍ഖാം, ഫിലിപ്പിനോ ആൾട്ടര്‍നേറ്റീവ് താരങ്ങള്‍ ഡിസംബര്‍ അവന്യൂ, ഇന്ത്യൻ ഹാര്‍ഡ് റോക്ക് സൂപ്പര്‍ഗ്രൂപ്പ് ഗിരിഷ് ആൻഡ് ദി ക്രോണിക്കിള്‍സ്, ബെന്നി ദയാല്‍, ഫങ്ക്നേഷൻ, നൗമാന്‍ ബെലേച്ചി, പഞ്ചാബി ആര്‍ട്ടിസ്റ്റ് റിയാര്‍ സാബ്, കോക് സ്റ്റുഡിയോ ആര്‍ട്ടിസ്റ്റുകളായ ഷെയ് ഗിൽ, യങ് സ്റ്റണ്ണേഴ്സ് എന്നിവര്‍ പങ്കെടുക്കും.

സംഗീത പരിപാടിയുടെ സ്റ്റേജ്, ഇൻസ്റ്റലേഷനുകള്‍ എല്ലാം പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. സംഗീത പരിപാടികള്‍ക്ക് പുറമെ വര്‍ക്ക് ഷോപ്പുകള്‍, പാനൽ ഡിസ്കഷനുകള്‍ എന്നിവയും നടക്കും. യൂണിവേഴ്സിറ്റി ആര്‍ട്ട് കോൺടെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. ദുബായിലെ സര്‍വകലാശാലകളും ഡിസൻ സ്കൂളുകളും ഓഷ്യൻസ് ഓഫ് ചേഞ്ച് എന്ന വിഷയത്തിൽ കലാസൃഷ്ടികള്‍ അവതരിപ്പിക്കും.

ഫെസ്റ്റിവൽ മാര്‍ക്കറ്റിൽ ഫുഡ് ട്രക്കുകള്‍ക്ക് പ്രത്യേകം സോൺ ഉണ്ട്. സസ്റ്റൈനബിള്‍ മെര്‍ച്ചണ്ടൈസുകള്‍ വാങ്ങാനും അവസരമുണ്ട്. ഫെസ്റ്റിവൽ ഗേറ്റുകള്‍ ദിവസവും രാവിലെ 11.30 മുതൽ തുറക്കും. കൂടുതൽ വിവരങ്ങള്‍ക്ക് – www.earthsoulfestival.com എന്ന വെബ്സൈറ്റിൽ സന്ദർശിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *