ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ വദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായി.
ഭൂമി വിൽപനയിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസാണ് ഇ.ഡി നോട്ടീസ് നൽകിയത്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയിൽ ഗുരുഗ്രാമിലെ ശികോപൂരിൽ ഓംകരേശ്വറിന്‍റെ കൈയിൽനിന്ന് 3.5 ഏക്കർ ഭൂമി ഏഴര കോടി രൂപക്ക് വാങ്ങിയിരുന്നു. ഈ ഭൂമി 2012ൽ ഡി.എൽ.എഫ് കമ്പനിക്ക് 58 കോടി രൂപക്ക് മറിച്ചുവിറ്റതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ ആരോപണം.
രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായാണ് ഇ.ഡി നടപടിയെന്ന് വദ്ര കുറ്റപ്പെടുത്തി. ‘എന്താണ് തെറ്റെന്ന് എനിക്കറിയില്ല. ഇത് ഒരു രാഷ്ട്രീയ പകപോക്കലാണ്, പഴയ ആരോപണങ്ങൾ മാത്രം, അസംബന്ധം, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു’ -വാദ്ര പ്രതികരിച്ചു. നേരത്തെ ഏപ്രിൽ എട്ടിന് നോട്ടീസ് നൽകിയിരുന്നെങ്കിലും വദ്ര ഹാജരായിരുന്നില്ല. നേരത്തെ, ഭൂമിയിടപാട് ക്രമക്കേട് ആരോപണത്തിൽ കഴമ്പില്ലെന്ന് ഹരിയാനയിലെ അന്നത്തെ ബി.ജെ.പി സർക്കാർ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹരിയാനയിൽ കോൺഗ്രസ് ഭരണത്തിലിരുന്ന കാലത്തെ ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വാദ്രക്കെതിരെ ബി.ജെ.പി നിരന്തരം ആരോപണമുന്നയിച്ചുവരികയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തിരുന്നു.