സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെൻററിൻറെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. നിലവിലുള്ള എകെജി സെൻറർ എതിർവശത്ത് 31 സെന്റിലാണ് 9 നിലകളുള്ള കെട്ടിടം പണിതുയർത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സിപിഎമ്മിൻറെ മുഖമാണ് എകെജി സെൻറർ. പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്നാണ് നേതൃത്വം തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ,കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകൾ, സെക്രട്ടറിയേറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയേറ്റ്, പിബി അംഗങ്ങൾക്കുള്ള ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. രണ്ടു ഭൂഗർഭ പാർക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തിൽ നിർമ്മിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തുമെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ കെജി സെൻററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് പ്രവർത്തനം പൂർണതോതിൽ മാറാൻ സമയമെടുക്കും എന്നാണ് നേതാക്കൾ പറയുന്നത്.പുതിയ ഓഫീസിലേക്ക് മാറുമ്പോൾ പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കും.