വിമാനം മാറിക്കയറി കുട്ടി, പുലിവാല് പിടിച്ച് വിമാന കമ്പനി

വിമാനത്തിൽ കുട്ടികൾ തനിയെ സഞ്ചരിക്കുന്നത് വിദേശരാജ്യങ്ങളിൽ സർവ്വസാധാരണമാണ്. വലിയ ഉത്തരവാദിത്തതോ‌ടെയാണ് വിമാന സർവീസുകൾ ഈ ചുമതലയേറ്റെടുത്തിരിക്കുന്നത്. എന്നാൽ, അമേരിക്കയിലെ സ്പിരിറ്റ് എയർലൈൻസ് എന്ന വിമാന കമ്പനിയുടെ ഭാ​ഗത്തു നിന്നും വലിയ വീഴ്ച്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായത്.

ഫിലഡെൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഫോർട്ട് മെയേഴ്സിലുള്ള ഫ്ലോറിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന കാസ്പർ എന്ന ആറ് വയസുകാരനെ കയറ്റിയത് ഒർലാൻഡോയിലേക്കുള്ള വിമാനത്തിലാണ്. തെറ്റ് പറ്റിയെന്ന് മനസിലാക്കിയ ഉടൻ തന്നെ കുട്ടിയു‌ടെ കുടുംബവുമായി ബ​ന്ധപെട്ടു എന്നാണ് വിമാന കമ്പനി അറിയിച്ചത്.

ഫോർട്ട് മെയേഴ്സിലുള്ള തന്റെ അമ്മുമ്മയെ കാണാൻ പോവുകയായിരുന്നു കാസ്പർ. കുഞ്ഞിനെ വിമാനത്തിൽ കാണാതായപ്പോൾ താൻ ഭയന്നുപോയി എന്ന് കാസ്പറിന്റെ അമ്മുമ്മയായ മറിയ റമോസ് പറയുന്നു. പിന്നാലെ കാസ്പറിന്റെ ഫോൺ വിളിയെത്തി, താൻ ഒർലാൻഡോയിലാണെന്നും, സുരക്ഷിതനാണെന്നും അവൻ അറിയിച്ചു.

ശേഷം, ഫോർട്ട് മൈയേഴ്സിൽ നിന്നും 160 മൈൽ അകലെയുള്ള ഒർലാൻഡോയിലേക്ക് കാറോടിച്ച് പോയി കുട്ടിയെ തിരിച്ചുകൊണ്ടു വരികയായിരുന്നു, ഈ അധിക ചിലവിന്റെ പണം തിരിച്ചു നൽകാമെന്നും, സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തും എന്നും കമ്പനി അറിയിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയാവുകയാണിപ്പോൾ. എന്തായാലും കുഞ്ഞു കാസ്പറിന്റെ കന്നി യാത്ര പാളിയെന്നു തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *