ലെബനനിലെ സ്‌ഫോടന പരമ്പര; ഹിസ്ബുള്ളയ്ക്കുള്ള പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് റിപ്പോര്‍ട്ട്

ലെബനനില്‍ സ്‌ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ചുനല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് റിപ്പോര്‍ട്ട്. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്‌. ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സ്‌ഫോടനങ്ങളെന്നാണ് വിവരം.

ബിഎസിക്ക് ഇസ്രയേലുമായുള്ള ബന്ധം മറച്ചുവെക്കാന്‍ മറ്റു രണ്ട് ഷെല്‍ കമ്പനികള്‍കൂടി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന്റെ ഹൈടെക് ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും നിരീക്ഷണമൊഴിവാക്കാനും ഹിസ്ബുള്ള അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണമെന്ന് നേതാവ് ഹസന്‍ നസ്രള്ള കഴിഞ്ഞവര്‍ഷം മുന്നറിയിപ്പുനല്‍കിയിരുന്നു. അതിനുപകരമാണ് ട്രാക്കിങ് സാധ്യമല്ലാത്ത പേജറുകള്‍ വ്യാപകമാക്കിയത്.

എന്നാൽ രണ്ടുവര്‍ഷം മുന്‍പേ ഇസ്രയേല്‍ ഇത് മനസിലാക്കി. ഇതിന്റെ ഭാഗമായി പേജറുകളുണ്ടാക്കാന്‍ 2022 മേയിലാണ് ഹംഗറിയില്‍ ഇസ്രയേല്‍ ബിഎസി കണ്‍സള്‍ട്ടിങ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. തയ്‌വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് പേജറുകളുണ്ടാക്കാന്‍ ഈ സ്ഥാപനം ലൈസന്‍സ് നേടിയെടുത്തു. ഇസ്രയേല്‍ ബന്ധം മറച്ചുവെക്കാന്‍ ഇത്തരത്തില്‍ രണ്ട് കടലാസുകമ്പനികള്‍കൂടി ഇസ്രയേല്‍ ഉണ്ടാക്കി.

സാധാരണ ഉപഭോക്താക്കളില്‍നിന്നാണ് പേജറുകള്‍ക്കുള്ള കരാര്‍ ബി.എ.സി. എടുത്തിരുന്നത്. പക്ഷേ, ഹിസ്ബുള്ളയായിരുന്നു ലക്ഷ്യം. അവര്‍ക്കുള്ള പേജറുകള്‍ പ്രത്യേകമുണ്ടാക്കി. അതിലെ ബാറ്ററികള്‍ക്ക് സമീപം സ്‌ഫോടകവസ്തുവായ പി.ഇ.ടി.എന്‍. (പെന്റാഎറിത്രിയോള്‍ ടെട്രാനൈേ്രേടറ്റ്) തിരുകിവെച്ചു. 2022-ലെ വേനല്‍ക്കാലത്തുതന്നെ കുറച്ചു പേജറുകള്‍ ലെബനനിലേക്ക് കയറ്റിയയച്ചു. നസ്രള്ളയുടെ ആഹ്വാനം വന്നതോടെ സ്‌ഫോടകവസ്തുവെച്ച പേജറുകളുടെ ഉത്പാദനം കൂട്ടി. പേജറുകളുണ്ടാക്കുക മാത്രമല്ല, മൊബൈല്‍ഫോണ്‍ ഭീതി ഹിസ്ബുള്ളയ്ക്കിടയില്‍ പ്രചരിപ്പിച്ചതും ഇസ്രയേലാണെന്ന് അവരുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘നിങ്ങളുടെയും നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കൈകളിലുള്ള ഫോണുകള്‍ ഒരു ഏജന്റാണ്. അത് കുഴിച്ചിടുക. ഇരുമ്പ് പെട്ടിയില്‍ അടയ്ക്കുക’ 2022 ഫെബ്രുവരിയില്‍ നസ്രള്ള അനുയായികള്‍ക്ക് നല്‍കിയ സന്ദേശമാണിത്. ഈ സന്ദേശമാണ് ഇസ്രയേല്‍ ചാര ഏജന്‍സികള്‍ ഫലപ്രദമായി ഉപയോഗിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. 2020-ല്‍ ഉപഗ്രഹംവഴി വിദൂരമായി നിയന്ത്രിക്കുന്ന ഐ.ഐ. റോബോട്ടുപയോഗിച്ച് ഇസ്രയേല്‍ ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രെസാദെയെ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *