യെമനിലെ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും 87 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേൽ ഹുദൈദ തുറമുഖം ആക്രമിച്ചത്. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് തീപിടിച്ചതായുമാണ് റിപ്പോർട്ടുകളിലുള്ളത്. തുറമുഖത്ത് വൻതോതിൽ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തിൽ പ്രതികരിച്ചു. ഇസ്രയേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ടെന്നും ഹൂതികൾ വീണ്ടും ആക്രമണത്തിന് തുനിഞ്ഞാൽ കൂടുതൽ ഓപ്പറേഷനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ഇറാൻ പിന്തുണയുള്ള മറ്റുസായുധസംഘങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഹുദൈദയിലെ ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *