മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

താനൂരിൽ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിലനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. ചെന്നൈ- എ​ഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പൊലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോ​ഗസ്ഥർ കുട്ടികളെ തിരിച്ചറിഞ്ഞത്.

കുട്ടികൾ സുരക്ഷിതരാണെന്നും പുനെ ആർപിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളും സന്തോഷത്തിലാണ്. വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും ഇരുവരുമായി ഫോണിൽ സംസാരിച്ച താനൂർ ഡിവൈഎസ്പി പറഞ്ഞു.

നേരത്തെ കുട്ടികളെ കാണാനില്ലെന്നു പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടെയാണ് കുട്ടികൾ മുംബൈയിലെ പൻവേലിൽ എത്തിയതായി പൊലീസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയെന്നാണ് പൊലീസ് നൽകിയ വിവരം. പെൺകുട്ടികൾ പൻവേലിലെ ബ്യൂട്ടി പാർലറിൽ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പെൺകുട്ടികളെ കാണാതാകുന്നതിനു മുൻപ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറിൽ നിന്നു കട്ടികളുടെ ഫോണിലേക്ക് കോളുകൾ വന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുംബൈയിൽ എത്തിയത്. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ എടവണ്ണയിലുള്ള വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇയാൾ മുംബൈയിലേക്ക് പോയതായി ഇതോടെ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *