‘ബൈഡൻ പിന്മാറാൻ നിർബന്ധിതനായി’: അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് മുൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതിനു പിന്നിൽ അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്. എക്‌സ് ഉടമ ഇലോൺ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം.

‘തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ ഞാൻ ബൈഡനെ തകർത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ അദേഹം നിർബന്ധിതനായി. ബൈഡന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.’ ഡോണൾഡ് ട്രംപ് ആരോപിച്ചു.

എക്‌സിലെ ശബ്ദ സംപ്രേക്ഷണത്തിനുള്ള സ്‌പേസ് എന്ന പ്ലാറ്റ്‌ഫോമിലാണ് അഭിമുഖം പോസ്റ്റ് ചെയ്തത്. അഭിമുഖം തുടങ്ങിയ സമയത്ത് 10 ലക്ഷത്തോളം പേർ കേൾക്കാനെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് എല്ലാവർക്കും കേൾക്കാൻ കഴിഞ്ഞില്ല. തനിക്കു നേരെയുണ്ടായ വധശ്രമത്തെപ്പറ്റിയും ട്രംപ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

‘അതൊരു വെടിയുണ്ടയായിരുന്നു. അതെന്റെ ചെവിയിലാണ് കൊണ്ടത്. വളരെ പെട്ടെന്നുതന്നെ എനിക്ക് മനസിലായി. ദൈവത്തിൽ വിശ്വസിക്കാത്തവർ ഉണ്ടല്ലോ ഇവിടെ. ഞാൻ ചിന്തിക്കുന്നത് നമ്മളെല്ലാം അതേ കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നാണ്.’ ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *