പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 690 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പതിനാറ് ആൺകുട്ടികളെ വർഷങ്ങളോളം ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് 690 വർഷം തടവ്. കാലിഫോർണിയയിലെ കോസ്റ്റാ മെസ സ്വദേശിയായ 34-കാരൻ മാത്യു അന്റോണിയോ ഷഷ്ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ആയ ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. 34 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇതിൽ 27 കേസുകൾ പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമമാണ്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള പതിനാറ് കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

മാതാപിതാക്കളില്ലാത്ത സമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും കുട്ടികളെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ലഗൂന ബീച്ച് സ്വദേശികളായ ദമ്പതികൾ ഇയാൾക്കെതിരെ പരാതി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലാകുന്നതും കൂടുതൽ കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള ചുരുളഴിയുന്നതും. എട്ടു വയസ്സുള്ള മകന്റെ ശരീരഭാഗങ്ങളിൽ മാത്യു മോശമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ പരാതി നൽകിയത്. മകന്റെയും മാത്യു ജോലിചെയ്തിരുന്ന മറ്റു വീടുകളിലേയും കുട്ടികളുടെയും സുരക്ഷയോർത്ത് ആശങ്കയുണ്ടെന്നും മാതാപിതാക്കൾ പോലീസിനെ ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. തുടർന്ന് മാത്യു ചൂഷണത്തിനിരയാക്കിയ മറ്റു കുട്ടികളെ കണ്ടെത്താൻ ഇയാൾ ജോലി ചെയ്തിരുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തെളിവുകൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *