പാലക്കാട് വാണിയംകുളം കോതയൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്ഐആർ. ഇടിച്ച വാഹനം നിർത്താതെ പോയതായി പോലീസ് പറയുന്നു. പോലീസിന്റെ പരിശോധനയിലാണ് മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് കണ്ടെത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നതായിരുന്നു പ്രാഥമിക വിവരം. പത്തംകുളം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. 32 വയസായിരുന്നു.
കോതയൂർ വായനശാലയ്ക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ആംബുലൻസിൽ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.