പാരഷൂട്ട് നിവർത്താനായില്ല; ആകാശച്ചാട്ടത്തിനിടെ 29-ാം നിലയിൽനിന്നു വീണ യുവാവിന് ദാരുണാന്ത്യം

തായ്ലൻഡിലെ പട്ടായയിൽ ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന മുപ്പത്തിമൂന്നുകാരനാണ് അപകടത്തിൽ തലയിടിച്ചുവീണ് മരിച്ചത്.

ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നാതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പട്ടായയിൽ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളിൽനിന്ന് നിയമവിരുദ്ധമായാണ് ഇയാൾ ആകാശച്ചാട്ടം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. നാതി ഇതിനു മുൻപും ഇതേ കെട്ടിടത്തിൽനിന്ന് ആകാശച്ചാട്ടം നടത്തിയിരുന്നതായി കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡ് പറഞ്ഞു.

ഇത്തവണ കാറിൽ കെട്ടിടത്തിനു സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തന്റെ ആകാശച്ചാട്ടം വിഡിയോയിൽ പകർത്താൻ ഏൽപ്പിച്ച് കെട്ടിടത്തിനു മുകളിലേക്കു പോവുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. കൗണ്ട്ഡൗണിനു പിന്നാലെ ഇയാൾ കെട്ടിടത്തിൽനിന്ന് എടുത്തുചാടിയെങ്കിലും പാരഷൂട്ട് നിവർത്താനായില്ല. ഇതോടെ നിലത്ത് തലയിടിച്ചു വീണാണ് മരണം. ശനിയാഴ്ച രാത്രി 7.30നാണ് അപകടത്തേക്കുറിച്ച് പൊലീസിനു വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും നാതി മരിച്ച നിലയിലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *