തമിഴ്നാട്ടിൽ രണ്ട് മന്ത്രിമാർ രാജിവച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊൻമുടിയുമാണ് രാജിവെച്ചത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് സെന്തിൽ ബാലാജിയും സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് കെ പൊൻമുടിയും സ്ഥാനമൊഴിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സെന്തിൽ ബാലാജി മന്ത്രിസഭയിൽ വീണ്ടും പ്രവേശിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജാമ്യം നിലനിൽക്കാൻ വേണ്ടി മന്ത്രിപദവി രാജിവെക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിന്റെ ഫലമായാണ് കെ പൊൻമുടിക്കെതിരായ കേസ്. സംഭവത്തിന് പിന്നാലെ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും പൊൻമുടിയെ നീക്കം ചെയ്തിരുന്നു. മനോ തങ്കരാജും രാജാകണ്ണപ്പനുമാണ് പുതിയ മന്ത്രിമാർ. നാളെ വൈകിട്ട് ആറിന് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത് തമിഴ്നാട്ടിലെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ്.