ജപ്പാനിലെ ചേട്ടന്മാർക്ക് ഹൃദയമില്ലേ..; പ്രസവത്തിനു മുമ്പ് ഭാര്യയെക്കൊണ്ട് ഒരു മാസത്തെ ഭക്ഷണം തയാറാക്കിച്ച ഭർത്താവിനെതിരേ രൂക്ഷവിമർശനം

പുരുഷന്മാർ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിച്ചാൽ ലോകം ഇടിഞ്ഞുവീഴുമോ?, ഇത്തരമൊരു ചോദ്യം ലോകം മുഴുവൻ ഉയരാൻ കാരണം ഗർഭിണിയായ യുവതി പ്രസവത്തിനു മുമ്പ് തൻറെ ഭർത്താവിനുവേണ്ടി ഒരു മാസത്തെ ഭക്ഷണം തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവമാണ്. ജപ്പാനിലാണു വിചിത്രമായ സംഭവം അരങ്ങേറിയത്.

ഒമ്പതുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് യുവതി തൻറെ ഭർത്താവിനു 30 ദിവസത്തെ ഭക്ഷണം തയാറാക്കി ഫ്രീസറിൽ വച്ചത്. പ്രസവം കഴിഞ്ഞു വിശ്രമിക്കുമ്പോൾ തൻറെ ഭർത്താവിനു കഴിക്കാൻ വേണ്ടിയാണ് യുവതി ഭക്ഷണം തയാറാക്കിയത്. പ്രസവശേഷം ഭർത്താവിനൊപ്പം താമസിക്കാതിരിക്കുകയും സുഖം പ്രാപിക്കാൻ മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്യുന്നതിനാലാണ് യുവതി അങ്ങനെ ചെയ്തത്.

സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായി. ഭൂരിഭാഗവും ഭർത്താവിനെയും പാചകം പോലുള്ള പ്രാഥമിക വീട്ടുജോലികൾ ചെയ്യാനുള്ള കഴിവില്ലായ്മയെയുമാണു വിമർശിച്ചത്. ഗർഭിണിയായ ഭാര്യയെ അതും പ്രസവം അടുത്തുനിൽക്കുന്ന ഒമ്പതാം മാസത്തിൽ, ഒരു മാസത്തെ ഭക്ഷണം തയാറാക്കാൻ ഏതുതരം ഭർത്താവാണു പറയുന്നത് എത്ര നീചമായ പെരുമാറ്റമാണിത്, യുവതിയോടുള്ള ആൺകോയ്മയുടെ പെരുമാറ്റം അതിവിചിത്രമാണ്. ഭാര്യ എന്നത് ഭർത്താവിൻറെ വേലക്കാരിയോ – തുടങ്ങിയ രോക്ഷാകുലമായ പ്രതികരണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാർത്തയ്ക്കു ലഭിക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിൽ ഇതുവലിയ പ്രശ്‌നമാണെന്ന് ചിലർ അനുഭവങ്ങൾ സഹിതം വിവരിക്കുന്നു. എന്നാൽ, ചിലർ ഇതിനെ ഭാര്യയുടെ കരുതലായി മാത്രം കണ്ടു. എന്നാൽ, ഒമ്പതാം മാസത്തിൽ ഭർത്താവല്ലേ കരുതൽ കാണിക്കേണ്ടതെന്നു ചിലർ തിരിച്ചും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *