ഗവേഷകനായ റോബർട്ട് എഡ്വേർഡ് തൻറെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്‌ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു. പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്ന നിരാശയിൽ ഗവേഷകൻ തൊട്ടടുത്ത ഓക്ക് മരത്തിൻറെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്‌സിൻറെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്‌നൽ തെളിഞ്ഞു.
മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു. 1682നും 1740നും ഇടയിലുള്ളത്! നീളമുള്ള, ഇടുങ്ങിയ, ഭാരമുള്ള വിരലുറ കൊട്ടയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. സൂചി ഉപയോഗിച്ച് വസ്ത്രങ്ങൾ തുന്നുമ്പോൾ വിരലുകളിൽ മുറിവു സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള വിരലുറകൾ അക്കാലത്തു ധരിച്ചിരുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും അത്തരം വസ്തുക്കൾ പ്രചാരത്തിലുണ്ടായിരുന്നു. മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
എന്നാൽ, അതൊരു പ്രണയസമ്മാനമായിരുന്നു എന്ന കണ്ടെത്തൽ സന്തോഷകരമായിരുന്നു. ആ വിരലുറയിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു, ‘ശാശ്വതമായി, എന്നേക്കും സ്‌നേഹിക്കുക’. തുന്നൽ ജോലികളിൽ ഏർപ്പെടുമ്പോൾ തൻറെ പ്രിയപ്പെട്ടവളുടെ വിരലുകളിൽ ഒരു പോറൽപോലും സംഭവിക്കാതിരിക്കാൻ കൈമാറിയ പ്രണയസമ്മാനം. ഇംഗ്ലണ്ടിലും വെയിൽസിലും പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഇത്തരം വസ്തുക്കളിൽ ഇതുപോലുള്ള ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
1996ലെ ട്രഷർ ആക്ട് അനുസരിച്ച്, 300 വർഷത്തിലേറെ പഴക്കമുള്ള വസ്തുക്കൾ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്നാണു നിയമം. അതനുസരിച്ച് എഡ്വേർഡ്, ആരുടെയോ ആത്മാവിൻറെ സ്പർശമുള്ള പ്രണയസമ്മാനം പുരാവസ്തുവകുപ്പിനു കൈമാറി. അതു നിധിയായി പ്രഖ്യാപിക്കുകയും ചെയ്തു.