കോടിയേരിക്കും പിണറായിക്കും രണ്ടു നീതി; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ മകള്‍ വീണ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്. മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതല്ലായിരുന്നു സിപിഎം നിലപാട് എന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യാതൊരു സേവനവും ചെയ്യാതെ വീണയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി 70 ലക്ഷം രൂപ വന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അര്‍ഹതയില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഉടനടി രാജിവെക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

ഇതിനുമുമ്പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന ആളുകളെല്ലാം സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ച ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. രാജിവെക്കാതെ അധികാരത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. തെറ്റായ കാര്യമാണ് നടന്നിട്ടുള്ളത്. അതില്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ കേസ് രാഷ്ട്രീയമായ കേസല്ല. ഇത് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കണ്ടെത്തലായി വന്നതാണ്. പൊളിറ്റിക്കല്‍ കേസായി തുടങ്ങിയതല്ല. രാഷ്ട്രീയ കേസായി തുടങ്ങിയ കേസുകളിലെല്ലാം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടെയാണ്. ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീല്‍ എത്ര വര്‍ഷമായി സുപ്രീംകോടതിയില്‍ തുടരുന്നു. 34 ഓ 35 ഓ തവണ കേസ് മാറ്റിവെച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ അന്വേഷണവും മുക്കിയിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയുടെ ഫൈന്‍ഡിങ്ങാണ് ഇങ്ങനെ പണം തെറ്റായി മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നത്. തുടര്‍ന്ന് എസ്എഫ്‌ഐഒ അന്വേഷിച്ച് ആ കണ്ടെത്തല്‍ ശരിയാണെന്ന് തെളിഞ്ഞു. ഏത് കേസു വന്നാലും രാഷ്ട്രീയമായ കേസാണെന്ന് പറയുന്നത് ശരിയാണോയെന്ന് വിഡി സതീശന്‍ ചോദിച്ചു. എന്തൊരു വലിയ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്?. എന്നിട്ട് ആ അന്വേഷണം ഇപ്പോള്‍ എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടും രണ്ട് നീതിയാണ് സിപിഎമ്മിന്. കോടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ പാര്‍ട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് നിലപാട് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഇനി ചര്‍ച്ച് ബില്‍ വന്നാലും ഉറച്ച നിലപാട് തന്നെയായിരിക്കും. ആ ബില്ല് പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്‌നമില്ലാതാകുമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *