കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ പേയ്മെന്റ്റ് വരുന്നു. നിലവിൽ ചില സ്വിഫ്റ്റ് ബസുകളിലും ദീർഘദൂര സൂപ്പർഫാസ്റ്റുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടുംവിധത്തിൽ സംസ്ഥാനത്തുടനീളം ഓർഡിനറികൾ ഉൾപ്പടെ സമ്പൂർണ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ഏർപ്പെടുത്താനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്.
രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. പലപ്പോഴും ചില്ലറയും കൃത്യം കറൻസി നോട്ടുമില്ലാതെ വിഷമിച്ചിരുന്ന യാത്രക്കാർക്ക് വലിയ ആശ്വാസവുമാകും. ജിപേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴിയും പണം നൽകി ടിക്കറ്റ് എടുക്കാനാവും. .