‘ആ ശബ്ദം എന്റേത് പോലെ’; ഓപ്പൺ എഐക്കെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്

ഓപ്പൺ എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്. ചാറ്റ് ജിപിടിയ്ക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ ഓപ്പൺ എഐ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും, പിന്നീട് ഓപ്പൺ എഐ തന്റേതുമായി വ്യത്യാസങ്ങളില്ലാത്ത ശബ്ദം ചാറ്റ് ജിപിടിയ്ക്ക് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സ്‌കാർലെറ്റ് ജോൺസൺ തന്റെ രോഷം രേഖപ്പെടുത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ തന്റെ ശബ്ദം ചാറ്റ് ജിപിടിയ്ക്ക് നൽകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് ബന്ധപ്പെട്ടിരുന്നു. ക്രിയേറ്റീവുകളും ടെക്ക് കമ്പനികളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും ശബ്ദം ആളുകൾക്ക് ആശ്വാസകരമാകുമെന്നുമെല്ലാം പറഞ്ഞാണ് അന്ന് ഓൾട്ട്മാൻ സംസാരിച്ചത്. എന്നാൽ കാര്യമായ ആലോചനകൾക്ക് ശേഷം വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ ആ ക്ഷണം നിരസിച്ചു. സ്‌കാർലെറ്റ് ജോൺസൺ പരഞ്ഞു.

ഒമ്പത് മാസങ്ങൾക്ക് ശേഷം ചാറ്റ് ജിപിടിയുടെ ‘സ്‌കൈ’ എന്ന ശബ്ദത്തിന് എന്റെ ശബ്ദവുമായുള്ള സാമ്യത ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുകയായിരുന്നു. പുറത്തിറക്കിയ ഡെമോ ഞാൻ കേട്ടപ്പോൾ ശരിക്കും ഞെട്ടലും രോഷവുമുണ്ടായി. ഓൾട്ട്മാൻ എന്റെ ശബ്ദത്തിന് സമാനമായ ശബ്ദം തന്നെ ഉപയോഗിച്ചുവെന്നറിഞ്ഞ് വിശ്വസിക്കാനായില്ലെന്നും സ്‌കാർലെറ്റ് പറയുന്നു. തന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും ശബ്ദങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.

സംഭവത്തിൽ നിയമപരമായി നീങ്ങുകയാണ് നടി. ചാറ്റ് ജിപിടി 4ഒയുടെ സ്‌കൈ എന്ന ശബ്ദം ഏത് രീതിയലാണ് നിർമിച്ചെടുത്തത് എന്ന് വിശദമാക്കാൻ അഭിഭാഷകർ മുഖേന നടി ഓപ്പൺ എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൈ എന്ന ശബ്ദം പിൻവലിക്കാൻ കമ്പനി തയ്യാറായെന്നും നടി പറഞ്ഞു. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്നും, സുതാര്യമായ രീതിയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്‌കാർലെറ്റ് പറഞ്ഞു.

അതേസമയം സ്‌കൈ എന്ന ശബ്ദം നിർത്തലാക്കിയതായി ഓപ്പൺ എഐ ഒരു സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.

ചാറ്റ് ജിപിടിയ്ക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ പ്രത്യേകിച്ചും ‘സ്‌കൈ’ തിരഞ്ഞെടുത്തത് എങ്ങനെയാണ് എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഞങ്ങൾ കേട്ടുവെന്നും. അതിന് പരിഹാരം കാണുന്നത് വരെ സ്‌കൈയുടെ ഉപയോഗം നിർത്തിവെക്കുകയാണെന്നും ഓപ്പൺ എഐ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *