തിരുവനന്തപുരം മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
പറമ്പിൽ ഉണങ്ങിയ മരക്കമ്പുകൾ കുറേയുണ്ടായിരുന്നു. ഇതിലേക്ക് തീപടർന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. ചിറയിൻകീഴ് സ്വദേശിയായ ശ്രീകുമാറിന്‍റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു.
വിഴിഞ്ഞം നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്‍റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആൾതാമസം ഇല്ലാതിരുന്നതിനാലും പെട്ടെന്ന് തീയണയ്ക്കാനായതിനാലും മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.