ആലിപ്പഴം പെയ്യുന്നതു കണ്ടിട്ടുണ്ടോ; ഗുജറാത്ത് മിനിറ്റുകൾക്കുള്ളിൽ കാഷ്മീർ ആയി – വീഡിയോ കാണാം

ഗുജറാത്തുകാർക്ക് അദ്ഭുതമായി..! തങ്ങളുടെ വീടിന്‍റെ മേൽക്കൂരയും മുറ്റവും റോഡുമെല്ലാം ആലിപ്പഴം പെയ്തുനിറയുന്നു..! ‌ഞായറാഴ്ച രാവിലെയാണു സംഭവം. മുംബൈയിൽ മഴ പെയ്തപ്പോൾ ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴം വർഷിക്കുകയായിരുന്നു. റോഡുകൾ മഞ്ഞുപോലെ വെളുത്തതായി മാറി. ആലിപ്പഴം നിറഞ്ഞതിനാൽ രാജ്‌കോട്ടിലെ തെരുവുകൾ ഷിംല-മണാലി പോലെയായി. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴവർഷം പ്രദേശവാസികളെ ഉത്സവപ്രതീതിയിലാക്കി.

നാട്ടുകാർ ആവേശഭരിതരായി വീടിനു പുറത്തിറങ്ങി. ആലിപ്പഴങ്ങൾ കൈകളിൽ പിടിച്ച് ആസ്വദിച്ചു. ആളുകൾ കൂട്ടത്തോടെയെത്താൻ തുടങ്ങിയത് ഉത്സവപ്രതീതിയുണ്ടാക്കി. കുട്ടികൾക്ക് ആലിപ്പഴപ്പെയ്ത്ത് അദ്ഭുതമായി. വിസ്മയക്കഴ്ചയുടെ ദൃശ്യങ്ങൾ പലരും ഓൺലൈനിൽ പങ്കുവച്ചു.

അക്ഷരാർഥത്തിൽ രാജ്‌കോട്ട് മേഖലയിൽ അനുഭവപ്പെട്ടത് കാഷ്മീരിനു സമാനമായ കാലാവസ്ഥയായിരുന്നു. അപ്രതീക്ഷിതമായ ആലിപ്പഴവർഷം കാലാവസ്ഥാ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കാർഷികവിളകൾ നശിക്കാനും കാരണമായി.

2019ൽ രാജസ്ഥാനിലും ഗുജറാത്തിലും സമാനമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും ചില ഭാഗങ്ങളിൽ ആലിപ്പഴവർഷവും ഇടിമിന്നലും മഴയും അനുഭവപ്പെട്ടു. കച്ചിലും സൗരാഷ്ട്രയിലും ആലിപ്പഴവർഷവും മഴയും മൂലം കൃഷിനാശമുണ്ടായി. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലും അയൽസംസ്ഥാനത്തുമുണ്ടായ ചുഴലിക്കാറ്റാണ് പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റത്തിനു കാരണമെന്ന് റിപ്പോർട്ട് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *