താരങ്ങൾ ആയാലും അവരും സാധാരണ മനുഷ്യർ തന്നെയാണ്. സൗഹൃദങ്ങളും സന്തോഷങ്ങളും കുടുംബങ്ങൾ ഒന്നിച്ചുള്ള യാത്രകളുമൊക്കെ അവർക്കും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ മോഹൻലാലും പ്രിയദർശനും കുടുംബസമേതം നടത്തിയ ഒരിക്കലും മറക്കാത്ത ഒരു യാത്രയ്ക്കിടയിൽ സംഭവിച്ചതും ഇതുവരെ ആരും പറയാത്തതുമായ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. വർഷങ്ങൾക്ക് മുമ്പ് മോഹൻലാലും പ്രിയദർശനും കുടുംബ സമേതം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു.
‘അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു. ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നു.’ ആലപ്പി അഷ്റഫ് പറഞ്ഞു.