3 മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി ‘വീണ്ടും വിവാഹിതയായി’

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു.

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’’,–വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോണി സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ.

Leave a Reply

Your email address will not be published. Required fields are marked *