16 വയസിലെയോ, 25 വയസിലെയോ പോലെയായിരിക്കില്ല ഇനി ഞാൻ: സോനം കപൂർ

ബോളിവുഡിലെ താരസുന്ദരി സോനം കപൂർ നടത്തിയ ചില തുറന്നുപറച്ചിലുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രസവശേഷമുള്ള തൻറെ ശാരീരിക, മാനസിക അവസ്ഥകളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. സൂപ്പർതാരം അനിൽ കപൂറിൻറെ മകളായ സോനം കപുർ 2018 ലാണ് വിവാഹം കഴിച്ചത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്കു മാറി. സിനിമകളിലെ തിരക്കുകുറച്ച് കുടുംബ ജീവിതത്തിലേക്കു ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. വായു കപൂർ അഹുജ എന്നാണു തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്കു പേരിട്ടത്.

കുഞ്ഞ് പിറന്ന ശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിക്കുകയാണ് സോനം. അമ്മയായ ശേഷം വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആദ്യം എനിക്കു കഴിഞ്ഞിരുന്നില്ല. ഞാൻ 32 കിലോ കൂടി. ഞാൻ അതിൻറെ ആഘാതത്തിലായിരുന്നു. ഇതേക്കുറിച്ച് ആളുകൾ പറഞ്ഞുതന്നെങ്കിലും കുഞ്ഞു പിറന്ന ശേഷം പഴയ ശരീരത്തിലേക്കു മാറുമെന്നാണു കരുതിയത്. എല്ലാം ശരിയാകുമെന്നു ചിന്തിക്കും. മാത്രവുമല്ല, നമ്മൾ കുഞ്ഞിനോടുള്ള അഭിനിവേശത്തിലായിരിക്കും. വർക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ചോ ഭക്ഷണ ക്രമത്തെക്കുറിച്ചോ ചിന്തിക്കില്ല. കാരണം മുലയൂട്ടുന്ന ഘട്ടമാണത്.

അമ്മയായ ശേഷമുള്ള മാറ്റത്തോടും ജീവിതത്തോടും പൊരുത്തപ്പെടാൻ ഒന്നര വർഷം എനിക്കു വേണ്ടി വന്നു. നിങ്ങൾക്കു നിങ്ങളുമായുള്ള ബന്ധത്തിൽ മാറ്റം വരും. മാതാപിതാക്കളുമായും ഭർത്താവുമായുള്ള ബന്ധത്തിൽ മാറ്റം വരും. ഒരിക്കലും പഴയത് പോലെ നിങ്ങളുടെ ശരീരത്തെക്കുറിച്ചു തോന്നില്ല. 16 വയസിലെയോ, 25 വയസിലെയോ പോലെയായിരിക്കില്ല ഇനിയൊരിക്കലും എന്നെ കാണാൻ. എനിക്കൊരു കുഞ്ഞുണ്ട്. എനിക്കിപ്പോൾ 38 വയസാണ്- സോനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *