ഹിന്ദുവാണോ, മുസ്ലിമാണോ എന്ന് സഹപാഠികൾ ചോദിക്കുമായിരുന്നു; ഞാൻ ജാതിയും മതവും ഇല്ലെന്നു പറയും; അനുസിതാര

അച്ഛനും അമ്മയും രണ്ടു മതങ്ങളിൽ നിന്നുള്ളവരാണെങ്കിലും കുട്ടിക്കാലത്ത് വീട്ടിൽ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയതാരം അനുസിതാര. എന്നാൽ, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മൾക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്നേഹം ആണെന്നൊക്കെ അച്ഛൻ പറഞ്ഞുതരുമായിരുന്നു.

സ്‌കൂളിൽ കുട്ടികൾ ചോദിക്കും, അച്ഛന്റെ പേരെന്താ? ഞാൻ പറയും അബ്ദുൾ സലാം. അമ്മയുടെ പേര് രേണുക സലാം എന്നുപറയുമ്പോൾ അനു മുസ്ലീം ആണോ ഹിന്ദുവാണോ എന്നുചോദിക്കും. അപ്പോൾ എനിക്ക് ജാതിയും മതവും ഇല്ലെന്നു പറയും. ഇപ്പോഴും അങ്ങനെ പറയാൻ തന്നെയാണ് ഇഷ്ടം. അച്ഛനും അമ്മയും രണ്ടു മതങ്ങളിൽ നിന്നുള്ളവരാണെന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാൻ അമ്പലത്തിൽ പോകാറുണ്ട്. കുട്ടിക്കാലത്ത് മദ്രസയിൽ പോയിട്ടുണ്ട്.

എന്റെ സർട്ടിഫിക്കറ്റിൽ മതത്തിന്റെ കോളത്തിൽ മുസ്ലീം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ. ഇപ്പോൾ എനിക്ക് ജാതിയും മതവും ഇല്ല. എനിക്കു ജനിക്കുന്ന കുട്ടികളെയും ജാതിയും മതവും ഇല്ലാതെ വളർത്താനാണ് ഇഷ്ടം. ചെറുപ്പം മുതൽ വീട്ടിൽ അങ്ങനെയാണ് ശീലിപ്പിച്ചിട്ടുള്ളത്. എനിക്ക് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അങ്ങനെ ഒന്നുമില്ല. എല്ലാവരും എനിക്ക് ഒരുപോലെയാണ്. അങ്ങനെ ഒരു സൗഭാഗ്യം എനിക്കുണ്ട്. മറ്റുള്ളവർക്ക് കിട്ടാത്ത ഭാഗ്യമാണ് എനിക്കു കിട്ടിയത്. ഞങ്ങളുടെ ആഘോഷങ്ങൾക്കെല്ലാം ഞങ്ങൾ ഒരുമിച്ചേ നിൽക്കാറുള്ളൂ. അതൊരു പ്രത്യേക സുഖമാണ്- അനുസിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *