‘സ്വാമീ എന്നെ രക്ഷിക്കണം’ എന്ന ഡയലോഗിനൊടുവിൽ കേൾക്കുന്നത് ‘അമ്മേ… ‘ എന്ന വിളിയാണ്; ആലുംമൂടൻറെ അവസാനനിമിഷങ്ങളെക്കുറിച്ച് മോഹൻലാൽ

അദ്വൈതത്തിൻറെ ലൊക്കേഷനിലെ ചില സംഭവങ്ങൾ നീറുന്ന ഓർമയാണെന്ന് മോഹൻലാൽ. എത്ര നിയന്ത്രിച്ചാലും നമ്മൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോകുന്ന അവസ്ഥ ജീവിതത്തിലുണ്ടാകും. അത്തരം ഒരനുഭവമാണ് ലൊക്കേഷനിൽ എനിക്കുണ്ടായത്. സിനിമയിൽ എത്രയോ മരണങ്ങളാടിയ എനിക്കുമുന്നിൽ ഒരു യഥാർഥമരണം സംഭവിക്കുകയായിരുന്നു അന്ന്. ആലുംമൂടൻ ചേട്ടൻറെ വിയോഗത്തിലൂടെ മരണത്തെ ഞാൻ മുഖാമുഖം കാണുകയായിരുന്നു.

അദ്വൈതം എന്ന സിനിമയിൽ ഞാനവതരിപ്പിച്ച സന്യാസിയുടെ കാൽക്കൽ വീണ് സ്വാമീ… എന്നെ രക്ഷിക്കണം എന്ന ഡയലോഗ് ആലുംമൂടൻ ചേട്ടൻ പറയേണ്ട രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിൻറെ മരിക്കുന്നത്. പലപ്പോഴും റിഹേഴ്സലിൽ ആലുംമൂടൻ ചേട്ടൻ അസ്വസ്ഥനായിരുന്നു. കുറച്ചുകാലം സിനിമയിൽനിന്നും വിട്ടുനിന്ന്, വീണ്ടും അഭിനയിക്കാനെത്തിയപ്പോൾ ശരിയാകുന്നില്ല എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു. ടേക്ക് എടുക്കുമ്പോൾ അദ്ദേഹം വല്ലാതെ വിയർത്തിരുന്നു.

സ്വാമീ എന്നെ രക്ഷിക്കണം… എന്ന ഡയലോഗിനൊടുവിൽ ഞാൻ കേൾക്കുന്നത് അമ്മേ… എന്ന വിളിയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങളെല്ലാം പരിഭ്രമിച്ചു. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു. ഒന്നോ രണ്ടോ മിനിട്ട് ഞാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.

എൻറെ ആദ്യ സിനിമ മുതൽ ഒട്ടേറെ ചിത്രങ്ങളിൽ ആലുംമൂടൻ ചേട്ടനൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ആദ്യ പരിചയപ്പെടലിൽ തന്നെ സ്നേഹത്തിന്റെയും സൗഹൃദത്തിൻറെയും വാതിൽ അദ്ദേഹം എനിക്കു മുന്നിൽ തുറന്നിട്ടു. എന്തും തുറന്നുപറയാവുന്ന ഒരു സുഹൃത്തിനെപ്പോലെ, കാരണവരെപ്പോലെയായിരുന്നു ആലുംമൂടൻ ചേട്ടൻ. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതുതന്നെ വളരെ രസകരമായ ഒരനുഭവമായിരുന്നു. ഏതു വേഷമായാലും അതിനു കൃത്യമായ ഒരു ‘ആലുംമൂടൻ ടച്ച്’ അദ്ദേഹം നൽകി- മോഹൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *