സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ അമ്മയില്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല; ഹരീഷ് പേരടി

നടന്‍ മാത്രമല്ല, നല്ലൊരു രാഷ്ട്രീയ വിമര്‍ശകന്‍ കൂടിയാണ് ഹരീഷ് പേരടി. താരത്തിന്റെ തുറന്നെഴുത്തുകള്‍ അധികാരകേന്ദ്രങ്ങളില്‍ രാജപരിവേഷത്തില്‍ വാഴുന്നവര്‍ക്കു വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ചു താരത്തിന്റെ തുറന്നുപറച്ചിലുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ടെന്ന് ഹരീഷ് പറഞ്ഞു. അങ്ങനെയുള്ള എന്നെ മാറ്റിനിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹന്‍ലാല്‍ രണ്ടും രണ്ടായിട്ടാണ് കാണുന്നത്.

അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാല്‍ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍തന്നെ ഞാന്‍ മോഹന്‍ലാല്‍ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്‌ക്കെതിരെ എടുത്ത നിലപാടുകളില്‍ എനിക്ക് മാറ്റമൊന്നുമില്ല. അവര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല. അഴിച്ചുപണികള്‍ സംഘടനയില്‍ ഉണ്ടാകണമെന്നും ഹരീഷ് പേരടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *