സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട കാര്യങ്ങളേ പോസ്റ്റ് ചെയ്യാറുള്ളൂ; എന്റെ വ്യക്തി ജീവിതം കൊണ്ട് അവർ നേട്ടമുണ്ടാക്കേണ്ട; പ്രിയാമണി

മലയാളി പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരുപി‌ടി സിനിമകളിൽ അഭിനയിച്ച നടിയാണ് പ്രിയാമണി. കരിയറിൽ ഉയർച്ച താഴ്ചകൾ പ്രിയാമണിക്ക് ഒരുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. അവസരങ്ങൾ ഇല്ലാത്ത ഘട്ടത്തിലാണ് പരുത്തിവീരനിലൂടെ ദേശീയ പുരസ്കാരം നേടി ശക്തമായ സാന്നിധ്യമായി മാറാൻ പ്രിയാമണിക്ക് കഴിയുന്നത്. വെളുത്ത നിറമല്ല എന്ന പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുണ്ടെന്ന് ഒരിക്കൽ നടി തുറന്ന് പറയുകയുണ്ടായി.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ സ്വകാര്യ വിഷയങ്ങൾ പങ്കുവെക്കാൻ താൽപര്യമില്ലെന്നും പ്രിയാമണി പറയുന്നു. ഒരു പരിധിവരെ ഞാൻ സ്വകാര്യത നോക്കുന്ന വ്യക്തിയാണ്. 

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട കാര്യങ്ങളേ പോസ്റ്റ് ചെയ്യാറുള്ളൂ. സോഷ്യൽ മീഡിയയിൽ അമ്മയുടെയും അമ്മയുടെ പഴയ ഇന്ത്യൻ ടീമിന്റെയും ഫോട്ടോ പങ്കുവെക്കാൻ ആ​ഗ്രഹിക്കുന്നില്ല. അമ്മയുടെയോ അച്ഛന്റെയോ ഫോട്ടോ പങ്കുവെച്ച് ഹാപ്പി മദേർസ് ഡേ എന്നോ മറ്റോ ആശംസിക്കുന്ന ആളല്ല താനെന്നും പ്രിയാമണി വ്യക്തമാക്കി.

അതേസമയം ചെറിയ കാര്യങ്ങൾ പോലും അമ്മയോട് സംസാരിക്കാറുണ്ട്. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയാണെന്നും നടി പറഞ്ഞു. അമ്മ നേരത്തെ ബാങ്കറായിരുന്നു. തുടക്കം മുതലേ തന്റെ ഫെെനാൻസ് നോക്കുന്നത് അമ്മയാണ്. സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യാത്തതിന് മറ്റൊരു കാരണമുണ്ടെന്നും പ്രിയാമണി പറയുന്നു.

എന്റെ വ്യക്തി ജീവിതത്തിൽ നിന്നും മറ്റുള്ളവർ നേട്ടമുണ്ടാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഇതെന്റെ ജീവിതമാണ്. ഞാനാ​ഗ്രഹിക്കുന്നത് പോലെ ജീവിക്കും. തനിക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ എന്നും പ്രിയാമണി പറഞ്ഞു.

മുൻ ദേശീയ തല ബാഡ്മിന്റൺ പ്ലേയറാണ് പ്രിയാമണിയുടെ അമ്മ ലതാമണി അയ്യർ. യുണൈറ്റജ് ബാാങ്ക് ഓഫ് ഇന്ത്യയിൽ ഇവർ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് വാസുദേവൻ അയ്യർ ബിസിനസുകാരനാണ്. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. 2017 ലാണ് ഇവർ വിവാഹിതരായത്. മൈദാൻ ആണ് പ്രിയാമണിയുടെ പുതിയ ബോളിവുഡ് ചിത്രം. അജയ് ദേവ​ഗൺ നായകനായ ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യും. പ്രിയാമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *