സെറ്റിലെ പുരുഷൻമാരായ ടെക്നീഷ്യൻസിന് മാത്രം ബീഫ്, ഞാൻ കുക്കിനെ വിളിച്ചു: അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയും നിർമാതാവാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പരസ്യ പോരിന് സാന്ദ്ര തയ്യാറായി. പൊതുമധ്യത്തിൽ അപമാനിച്ചെന്നും സിനിമ മുടക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബി ഉണ്ണികൃഷ്ണനെതിരെ പരാതി നൽകിയിട്ടുണ്ട് സാന്ദ്ര.

ഇപ്പോഴിതാ തനിക്ക് സ്വന്തം സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഞാൻ ഒരു നിർമാതാവാണ്. പവർ പൊസിഷനിലുള്ളയാൾ. ഞാനാണ് ആ സെറ്റിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. ഒരു ദിവസം ക്യാമറമാൻ വന്ന് എന്നോട് ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് ബീഫ് കിട്ടിയില്ലല്ലോ എന്ന് ഞാൻ. സംവിധായകനോട് ചോദിച്ചപ്പോൾ സംവിധായകനും കിട്ടിയിട്ടുണ്ട്. ഞാൻ ബാക്കിയുള്ളവരോട് ചോദിക്കുമ്പോൾ അവർക്ക് കിട്ടിയിട്ടുണ്ട്. സെറ്റിൽ ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്.

പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല. മെസ് നടത്തുന്ന ചേട്ടനെ വിളിച്ച് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറയേണ്ടി വന്നു. പുരുഷനായിരുന്നു പ്രൊഡ്യൂസറെങ്കിൽ ഇങ്ങനെയൊരു സാഹചര്യമുണ്ടാകില്ലായിരുന്നെന്നും സാന്ദ്ര തോമസ് പറയുന്നു. എന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സെറ്റിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു. ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്നത് സ്റ്റെെലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായും വരുന്ന സ്ത്രീകളാണ്. അവർക്ക് പരാതി പറയാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി.

ഡബ്ല്യുസിസിയിൽ അം​ഗമാകാതിരുന്നതിനെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. റിമ എന്നെ വിളിച്ചിരുന്നു. പക്ഷെ ഡബ്ല്യുസിസിയുടെ പല നിലപാടുകളുമായും തനിക്ക് വിയോജിപ്പുണ്ടായിരുന്നെന്ന് സാന്ദ്ര തുറന്ന് പറഞ്ഞു. റിമ പറയുന്ന തുല്യ വേതനം നിർമാതാവെന്ന നിലയിൽ തനിക്ക് ഉൾക്കൊള്ളാനാകില്ല. വിനായകന്റെയുൾപ്പെടെ ചില വിഷയങ്ങളിൽ ഡബ്ല്യുസിസി പ്രതികരിച്ചില്ല. തനിക്ക് ഒരു ബുദ്ധിമുട്ടുണ്ടായപ്പോൾ വിളിച്ചില്ല. ഇതിലെല്ലാം എതിർപ്പുണ്ടായിരുന്നെന്ന് സാന്ദ്ര പറയുന്നു. അതേസമയം നിലവിലെ പ്രശ്നങ്ങളിൽ ഡബ്ല്യുസിസിയുടെ ഭാ​ഗത്ത് നിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

Leave a Reply

Your email address will not be published. Required fields are marked *