സൂക്ഷ്മദർശിനി കണ്ടശേഷം ഒരു അമ്മച്ചി പറഞ്ഞത് അവൻ അമ്മയ്ക്ക് വേണ്ടിയല്ലേ കൊന്നത് എന്നാണ്; ബേസിൽ ജോസഫ്

ബേസിൽ ജോസഫും നസ്രിയ നസീമും കേന്ദ്ര കഥപാത്രങ്ങളായ സൂക്ഷ്മദർശിനി അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. പേരിനോട്‌ നൂറ് ശതമാനവും നീതി പുലർത്തിയെന്ന് പറയാവുന്ന കൊച്ചുസിനിമയായിരുന്നു ഇത്.

വീട്ടുജോലിയും മറ്റും നോക്കി ബോറടിച്ച് ജോലി കിട്ടാൻ വേണ്ടി കള്ളത്തരം ഒപ്പിച്ച് കാത്തിരിക്കുന്ന വീട്ടമ്മയായ നസ്രിയയുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഒരു കുറ്റകൃത്യം തെളിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയശേഷം പ്രേക്ഷകരിൽ ഒരാളിൽ നിന്നുണ്ടായ രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്. ഏറ്റവും പുതിയ സിനിമ പൊന്മാന്റെ പ്രമോഷന്റെ ഭാ​ഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൂക്ഷ്മദർശിനി കണ്ടശേഷം ഒരു അമ്മച്ചി പറഞ്ഞത് ഒന്നുവില്ലെങ്കിലും അവൻ അമ്മയ്ക്ക് വേണ്ടിയല്ലേ ചെയ്തത് എന്നാണ്.‍ ഒരാളെ കൊന്ന കഥപാത്രമാണ്. അത് കേട്ടപ്പോൾ ശെടാ… എന്നൊക്കെ തോന്നി. അത് അമ്മ പറഞ്ഞിട്ടല്ലേ… പാവം… അവനെ കൊണ്ട് അതിനൊന്നും പറ്റുകയില്ല എന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം. പിന്നെ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ ആളുകൾക്ക് ഇഷ്ടമാണല്ലോയെന്ന് തോന്നും. പിന്നെ ഓരേ ടൈപ്പിൽ നടൻ എന്ന രീതിയിൽ ചെയ്ത് പോകുന്നതിൽ നിന്നും മാറാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മാറ്റങ്ങൾ കൊണ്ടുവരണമെന്നതുകൊണ്ട് തന്നെ അതിന് വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമം എല്ലാ പടത്തിലും ഇടാറുമുണ്ട്. സൂക്ഷ്മദർശിനിയിലാണെങ്കിലും പ്രാവിൻകൂട് ഷാപ്പിലാണെങ്കിലും എല്ലാം അങ്ങനെ തന്നെ. അല്ലാതെ ടേക്കൺ ഫോർ ​ഗ്രാന്റഡായി അഭിനയത്തെ കണ്ടിട്ടില്ല.

ഓരോ സിനിമയിലും കഥാപാത്രങ്ങൾ വ്യത്യസ്തമാക്കാനായി പരമാവധി എഫേർട്ട് ഇടുന്നുണ്ട്. എന്നാലും ആളുകൾക്കിടയിൽ ഒരു പാവം ഇമേജാണുള്ളതെന്നും ബേസിൽ ജോസഫ് പറഞ്ഞു. മലയാളത്തിൽ ഇപ്പോഴുള്ള നടന്മാരിൽ ഏറ്റവും ജനപ്രിയനായിട്ടുള്ള ഒരാൾ ബേസിൽ ജോസഫാണ്. ബേസിൽ സീരിയസ് കഥാപാത്രങ്ങൾ ചെയ്താലും നെ​ഗറ്റീവ് റോൾ ചെയ്താലും നടനോടുള്ള ഇഷ്ടം ആളുകൾ കഥാപാത്രത്തോടും കാണിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *