സുജാതയുടെ ദേശീയ അവാര്‍ഡ് ബാഹ്യഇടപെടലിലൂടെ അട്ടിമറിച്ചു: സിബി മലയില്‍

പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ചെന്ന് സംവിധായകൻ സിബി മലയില്‍.

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുൻനിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

“ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ച്‌ എഴുതിയതായിരുന്നു.

എന്നാല്‍, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോള്‍ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ച്‌ അവാര്‍ഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോള്‍ ഈ വിവരം പുറത്തുപറയുന്നത്.

അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ചനടന് അവാര്‍ഡ് കൊടുത്തൂടെയെന്നും എന്നാല്‍, അവാര്‍ഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച്‌ മലയാള സിനിമാപ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ നേടുന്നതുതന്നെ വലിയസംഭവമാണ് -സിബി മലയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *