‘സിൽക്ക് സ്മിത പാവമായിരുന്നു’

ഒരു കാലത്തു യുവാക്കളുടെ ഹരമായിരുന്ന താരമാണ് സിൽക്ക് സ്മിത. സ്മിതയുടെ ഗാനരംഗങ്ങൾ വാണജ്യസിനിമയുടെ അഭിഭാജ്യഘടകമായിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് അത്രത്തോളം ആരാധകരുണ്ടായിരുന്നു. സിൽക്ക് സ്മിതയുടെ ഗ്ലാമർ വേഷങ്ങൾ കാണാൻ വേണ്ടിമാത്രം തിയേറ്ററുകളിലെത്തുന്നവരുണ്ടായിരുന്നു. സിനിമാ മാഗസിനുകളിൽ സിൽക്ക് സ്മിതയുടെ സെന്റർ സ്പ്രെഡ് ഫോട്ടോയ്ക്കായി ചെറുപ്പക്കാർ കാത്തിരുന്ന കാലവുമുണ്ടായിരുന്നു. നായിക വേഷത്തിൽ വരെ തിളങ്ങിയ സ്മിത പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്കു ചെന്നെത്തുകയായിരുന്നു. അതിലൊന്നും അവർ ആരോടും പരിഭവിച്ചില്ല. തന്നെ തേടിയെത്തുന്ന വേഷങ്ങൾ ഗ്ലാമറസ് ആണെങ്കിലും അവർ ആത്മാർഥതയോടെ അഭിനയിച്ചു. 

മലയാളത്തിൽ നിരവധി സിനിമകളിൽ സിൽക്ക് സ്മിത അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിരവധി  ഗാനരംഗങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. സിൽക്ക് സ്മിതയുടെ ഗാനരംഗം ഒരുകാലത്ത് മലയാളസിനിമയ്ക്കും ഒഴിച്ചുകൂടാനാവാത്തതായിരുന്നു. സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമുള്ള ലൈല എന്ന കഥാപാത്രം മലയാളി ഒരിക്കലും മറക്കില്ല. ഏഴിമല പൂഞ്ചോല… എന്ന ഗാനവും. ആരെയും ത്രസിപ്പിക്കുന്ന സീനുകളാണ് ആ ഗാനരംഗത്തിലുള്ളത്. സ്ഫടികത്തിൽ ലൈല പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ്.

കോസ്റ്റൂം ഡിസൈനറായി സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമയിലെ വലിയ നടനായി മാറുകയും ചെയ്ത ഇന്ദ്രൻസ് സിൽക്ക് സ്മിതയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിൽക്ക് സ്മിത ഒരു പാവം സ്ത്രീയായിരുന്നുവെന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. ആരോടും പരിഭവമോ, പിണക്കമോ ഇല്ല. അവരുമായി സൗഹൃദമുണ്ടായിരുന്നില്ല. വളരെ ബഹുമാനത്തോടെ മാത്രമേ അവരുടെ അടുത്ത് നിന്നിട്ടുള്ളുവെന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. 

വിജയലക്ഷ്മി എന്നായിരുന്നു സിൽക്ക് സ്മിതയുടെ യഥാർഥ പേര്. 1960ൽ ആന്ധ്രാപ്രദേശിലാണ് അവർ ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ചില ബോളിവുഡ് സിനിമകളിലും സിൽക്ക് സ്മിത അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *