‘സിൽക്ക് സ്മിതയുടെ കഴുത്തിൽ താലികെട്ടിയത് ഞാനായിരുന്നു, അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു’; മധുപാൽ

നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. മികച്ച നിരവധി ചിത്രങ്ങൾ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്.

തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സിൽക്ക് സ്മിതയെ കുറിച്ച് മധുപാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കൽ തൊമ്മിച്ചനെന്ന സിനിമയിൽ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സിൽക്ക് സ്മിതയായിരുന്നു.

സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിൽക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാൽ പങ്കിട്ടത്. ‘സിൽക്ക് സ്മിത എന്റെ കൂടെ കുറച്ചുനാൾ അഭിനയിച്ച സ്ത്രീയാണ്. അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് എന്റെ കൂടെയാണ് സാധിച്ചത്.’

‘ഞാനായിരുന്നു അവരുടെ കഴുത്തിൽ താലികെട്ടിയത്. എന്റെ കൈ പിടിച്ച് അവർ പറഞ്ഞിരുന്നു ജീവിതത്തിൽ ഒരിക്കലും ഇങ്ങനൊരു സീനുണ്ടാകുമോയെന്ന് തോന്നിയിട്ടില്ല. പക്ഷെ സിനിമയിലെങ്കിലും ഇങ്ങനൊരു സീൻ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന്. അത് ചെയ്തതിന് താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് അവർ എന്നോട് സംസാരിച്ചത്.’

‘ഏറ്റവും കൂടുതൽ കാശ് വാങ്ങിക്കുന്ന അഭിനേത്രിയായി മാറിയപ്പോൾ പോലും അവരുടെ ഉള്ളിൽ അമ്മയാകാനുള്ള ആഗ്രഹം കൊണ്ടുനടന്നയാളാണ്. അത് നമുക്ക് തിരിച്ചറിയാൻ കഴിയും അവരുടെ പെരുമാറ്റത്തിൽ നിന്നും. ഞാൻ ആ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യമതായിരുന്നു.’

‘നിങ്ങളോട് ആയതുകൊണ്ടാണ് സംസാരിച്ചത് ഇത്രയും തുറന്ന് വേറെ ആരോടും സംസാരിക്കാൻ തോന്നിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് അവരോട് ഞാൻ സംസാരിച്ചത്. അത് കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞപ്പോൾ അവർ മരിക്കുകയും ചെയ്തു’, എന്നാണ് സിൽക്ക് സ്മിതയെ കുറിച്ച് സംസാരിച്ച് മധുപാൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *