സിനിമാ പോര് അവസാനിക്കുന്നു; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ് ജി. സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവില്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല.

നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി. സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. താന്‍ നിര്‍മിക്കുന്ന ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചത്. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ സുരേഷ് കുമാര്‍ പെട്ടുപോയതാണോയെന്ന് ആന്റണി സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നത തുറന്നുകാട്ടുന്നതാണ് കുറിപ്പെന്ന വ്യാഖ്യാനമുണ്ടായി. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വര്‍ഗീസുമടക്കം പിന്തുണച്ചതോടെ മലയാള സിനിമാ മേഖലതന്നെ രണ്ടുതട്ടിലായി.

പിന്നാലെ ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് അവർ വിശദീകരിച്ചു. സംഘടനയില്‍ ഭിന്നിപ്പില്ലെന്ന് സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവകാശപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *