സിനിമയിൽ നായകന്റെ അതേ പ്രതിഫലം വേണമെന്ന് പറയാനാകില്ല; ഗ്രേസ് ആന്റണി

സിനിമയിൽ നായകന് കൊടുക്കുന്ന അതേ പ്രതിഫലം തന്നെ വേണമെന്ന് വാശി പിടിക്കാനാവില്ലെന്ന് നടി ഗ്രേസ് ആന്റണി. സംവിധായകനും നിർമാതാവും ഒരു സെല്ലിംഗ് പോയിന്റിനെ മുൻനിർത്തിയാവും സിനിമ ചെയ്യുക. ആ സിനിമ ബിസിനസായി മാറണമെങ്കിൽ മാർക്കറ്റ് വാല്യൂവുള്ള താരം തന്നെ വേണമെന്നും നടി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും, താങ്കളുടെ പേരിൽ ഈ സിനിമ വിറ്റുപോകുമോയെന്ന്. അങ്ങനെ ചോദിച്ചാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റുപോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിംഗ് പോയിന്റ് കണ്ടിട്ടുണ്ടാവും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ ഒരു നടന്റെ പേരിലാവും സെല്ലിംഗ് നടക്കുക. എന്റെ പേരിൽ പടം വിറ്റുപോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്നെനിക്ക് പറയാനാവും.

നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ അതിലെ നായകനേക്കാൾ പ്രതിഫലമായിരുന്നു എനിക്ക് ലഭിച്ചത്. അതും ഒരു പോയിന്റ് ആണ്. ഒരു സിനിമ ചെയ്യുമ്പോൾ നമ്മളേക്കാൾ കുറവ് പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളും ഉണ്ടാവും. തമിഴിൽ പക്ഷേ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാനാവില്ലെങ്കിലും മലയാള സിനിമയേക്കാൾ പ്രതിഫലം അവിടെ കിട്ടും. അവിടത്തെ നിർമാതാക്കൾ പണമിറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതനുസരിച്ച് പ്രതിഫലവും ലഭിക്കും.

തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിംഗ് സ്റ്റേജ് ആയിരുന്നു. അതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക’ ഗ്രേസ് ആന്റണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *