ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനിൽ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്നേഹം മോഹൻലാലിൽ നിറച്ച നടിയായിരുന്നു മലയാളികളുടെ മനസിൽ എന്നുമുള്ള സുകുമാരി.
സുകുമാരിയെ ആദ്യം കണ്ട നിമിഷം തനിന്നും ഓർക്കുന്നുവെന്ന് മോഹൻലാൽ. എൻറെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’യിലായിരുന്നു ഞങ്ങൾ ആദ്യമൊന്നിച്ചത്. ആ സിനിമയിൽ എൻറെ അമ്മവേഷമായിരുന്നു ചേച്ചിക്ക്. സിനിമയിലെ എൻറെ ആദ്യത്തെ അമ്മ. ക്യാമറക്കു മുന്നിൽ നിന്നു ഞാനാദ്യമായി ‘അമ്മേ’ എന്നു വിളിച്ചതു ചേച്ചിയെയാണ്. സഞ്ചാരിയിൽ എനിക്കു വില്ലൻവേഷമായിരുന്നു. ചേച്ചിയുടെ കഥാപാത്രവും നെഗറ്റീവായിരുന്നു.
കഥാന്ത്യത്തിലെ സംഘട്ടനത്തിൽ അപ്രതീക്ഷിതമായി എൻറെ കൈകൊണ്ടാണ് ചേച്ചിയുടെ കഥാപാത്രം മരണപ്പെടുന്നത്. എൻറെ മടിയിൽ കിടന്ന് അവർ മരിക്കുന്ന ആ രംഗം ഇന്നും ഓർമയിൽ ഉണ്ട്. സഞ്ചാരിയിലെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജനായിരുന്നു. ഫൈറ്റ് ഷൂട്ട് ചെയ്യുന്ന ദിവസം ദേഹമാകെ ഭയങ്കര വേദനയായിരിക്കും. അതറിഞ്ഞ് ദേഹത്തു പുരട്ടാൻ എണ്ണയും കുഴമ്പുമൊക്കെ ചേച്ചി എനിക്കായി കൊണ്ടുവന്നിരുന്നു. സഞ്ചാരിയിൽ തുടങ്ങിയ ആ സൗഹൃദം തെളിഞ്ഞുകത്തുന്ന നിലവിളക്കുപോലെ പ്രകാശം പരത്തി അഭിനയത്തിൻറെ വഴിത്താരകളിൽ എനിക്കൊപ്പമുണ്ടായിരുന്നു, മരണംവരെ- മോഹൻലാൽ പറഞ്ഞു.