ഷാജോണിന്റെ വിഗ് എയർപോർട്ടിൽ കുടുക്കി; പരിശോധനയിൽ അറബിപ്പോലീസ് വരെ തലകുത്തി ചിരിച്ചു

സിനിമ, മിമിക്രി, മിനിസ്‌ക്രീൻ താരമാണ് കലാഭവൻ പ്രജോദ്. നിരവധി ആരാധകരാണു താരത്തിനുള്ളത്. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രസകരമായി പറയാൻ മിടുക്കനാണ് താരം. ഒരിക്കൽ കുവൈറ്റ് ട്രിപ്പിനിടെ കലാഭവൻ ഷാജോണിന്റെ വിഗ് വരുത്തിയ വിനകളെക്കുറിച്ചു തുറന്നുപറയുകയാണ് പ്രജോദ്.

ഒരിക്കൽ ഞങ്ങൾ കുവൈറ്റിൽ ട്രിപ്പ് പോയ സമയത്ത് എയർപോർട്ടിൽ സേഫ്റ്റി ചെക്കിന് ഓരോരുത്തരെയായി കടത്തിവിടുന്നു. ഞങ്ങളൊക്കെ കടന്നപ്പോൾ അലാം മുഴക്കാത്ത മെഷീൻ ഷാജോൺ കടന്നതും വലിയ വായിൽ കരയുന്നതുപോലെ ‘ബീപ്…’ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഷാജോണിന്റെ ബെൽറ്റ് ഊരിമാറ്റി വീണ്ടും കടത്തിവിട്ടു. പിന്നെയും അലാം മുഴങ്ങി. ഷർട്ട് ഊരിമാറ്റി നോക്കി. എന്നിട്ടും മെഷീന് ഒരു ദയയുമില്ല.

അറബി പോലീസുകാരുടെ മുഖം ചുവന്നുതുടങ്ങി. അവർ ഷാജോണിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഷാജോൺ ഞങ്ങളെ നോക്കി. ഷാജോണിന്റെ ശരീരത്തുനിന്ന് ഇനി ഊരിമാറ്റൻ അണ്ടർവെയർ മാത്രം ബാക്കി എന്ന നിലയിലെത്തി കാര്യങ്ങൾ. ഹാൻഡ് സ്‌കാനറുമായി ഒരു പോലീസുകാരൻ ഷാജോണിന്റെ കാൽ മുതൽ സ്‌കാൻ ചെയ്യാൻ തുടങ്ങി. തലയ്ക്ക് താഴെവരെ ബീപ് ശബ്ദം പുറപ്പെടുവിക്കാതിരുന്ന സ്‌കാനർ ഷാജോണിന്റെ തലയിലേക്ക് വന്നതും ബീപ്… ബീപ്… എന്നടിക്കാൻ തുടങ്ങി. പോലീസുകാർ അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്.

ആകെ ടെൻഷനടിച്ച് ഞങ്ങൾ ഷാജോണിനെ നോക്കിനിൽക്കുമ്പോൾ, പെട്ടെന്ന് ഷാജോൺ തന്റെ തലയിലെ വിഗ് ഊരി പോലീസുകാരുടെ കൈയിലേക്കു കൊടുത്തു. എന്നിട്ട്, ട്യൂബ് ലൈറ്റ് കത്തിവരുന്നതുപോലൊരു ചിരിയോടെ ഷാജോൺ ഞങ്ങളെ നോക്കി. വിഗിൽ ഉണ്ടായിരുന്ന ക്ലിപ് ആയിരുന്നു മണി മുഴക്കിയ വില്ലൻ. തങ്ങളുടെ കൈയിലിരിക്കുന്ന വിഗിലേക്കും ഷാജോണിന്റെ കഷണ്ടിയിലേക്കും നോക്കി പൊട്ടിച്ചിരിക്കുന്ന അറബി പോലീസുകാരും ഈ സംഭവം ഒരിക്കലും മറക്കില്ല- പ്രജോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *