‘ശോകഗാനം പാടുന്നതിനിടയിൽ ചിത്രയ്ക്ക് എന്നോടുള്ള പിണക്കം മാറി’; എം.ജി. ശ്രീകുമാർ

മലയാളികളുടെ പ്രിയഗായകനാണ് എം.ജി. ശ്രീകുമാർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എവർഗ്രീൻ കോമഡി ഹിറ്റ് ആയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് കണ്ണീർ കായലിലേതോ… എന്നു തുടങ്ങുന്ന ശോകഗാനം. ആ പാട്ടിൻറെ റെക്കോഡിംഗ് വേളയിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് എംജി.

‘കണ്ണീർ കായലിലോതോ… ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും വഴക്കാകുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതമായിരുന്നു. സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിലായിരുന്നു.

പ്രശ്‌നം കഴിഞ്ഞതിൻറെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്കു വന്നു. എന്നോടു മിണ്ടുന്നില്ല. കാരണം അവരുടെ ഭർത്താവുമായിട്ടാണ് ഞാൻ വഴക്കിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എം ജി ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്ന ഭയമുണ്ട് എൻറെയുള്ളിൽ. അങ്ങനെ പലവിധ ചിന്തകൾ മനസിലൂടെ കടന്നുപോയി. അപ്പോഴേക്കും ഡയറക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്ത് ഞങ്ങൾക്ക് തന്നു. ഡിസ്‌കഷൻ നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെയല്ല. അന്നത്തെ പാട്ടിനൊക്കെ ഒരു ഫീൽ ഉണ്ടായിരുന്നു.

അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല. ഞാൻ പുറത്ത് പോയി ചായയൊക്കെ കുടിച്ച് വന്നൂ. മോണിറ്റർ സമയം ആയി. മൂന്ന് മോണിറ്റർ കഴിയുമ്പോഴാണ് റെക്കോർഡിംഗ്. അങ്ങനെ ആദ്യത്തെ മോണിറ്ററിംഗിൻറെ ടൈമിൽ എൻറെ ശബ്ദം ഇടറി. ചൂട് വെള്ളം വേണോ എന്ന് ചിത്ര ചോദിച്ചു. അപ്പോഴാണ് ആശ്വാസമായത്. അങ്ങനെ പ്രശ്‌നമില്ലെന്ന് മനസിലായി. ദുഃഖത്തിൻറെ അലകളെല്ലാം നീങ്ങി, ഞങ്ങൾ രണ്ട് പേരും നല്ല രീതിയിൽ പാട്ടു പൂർത്തിയാക്കി…’ എം.ജി. ശ്രീകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *