‘വിവാഹമോചന വാർത്ത മകൾ അറിഞ്ഞത് ഇന്റർനെറ്റിൽ കൂടി, ചോദ്യങ്ങൾക്ക് മുമ്പിൽ ഞാൻ ഇല്ലാതെയായി’; നീലം കോതാരി

ആദ്യഭർത്താവുമൊത്തുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നീലം കോതാരി. ഒരു ടിവി ഷോയിലാണ് നീലം മനസ്സ് തുറന്നത്. തന്റെ ആദ്യ വിവാഹമോചന വാർത്ത മകൾ അറിഞ്ഞത് ഇന്റർനെറ്റിൽ കൂടിയാണെന്നും മകളുടെചോദ്യങ്ങൾക്ക് മുമ്പിൽ താൻ ഇല്ലാതായെന്നും നടി പറഞ്ഞു.

2000 ഒക്ടോബറിലാണ് ലണ്ടൻ വ്യവസായി നിർമൽ സേതിയുടെ മകൻ റിഷി സേതിയുമായി നീലം വിവാഹിതയാകുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇരുവരും വിവാഹ മോചിതരായി. പിന്നീട് സമീർ സോണിയുമായി അടുപ്പത്തിലായ നീലം 2011-ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. 2013-ൽ ഇരുവരും മകൾ അഹാനയെ ദത്തെടുക്കുകയായിരുന്നു.

മകൾ തന്റെ ആദ്യവിവാഹ മോചനവാർത്ത അറിഞ്ഞതിനെക്കുറിച്ച് നീലം വിവരിച്ചത്; ‘പതിവുപോലെ അന്നും ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയതായിരുന്നു. തുള്ളിക്കളിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന മകൾ അഹാന അന്ന് പതിവിനു വിപരീതമായി നിശ്ശബ്ദയായിരുന്നു. അവൾ എന്റെ അരികിലേക്ക് വന്നു. ‘മമ്മാ, നിങ്ങൾ വിവാഹ മോചിതയായ കാര്യം എന്നോട് പറഞ്ഞില്ലാല്ലോ…?’ അത് കേട്ടപ്പോൾ ഞാൻ ഇല്ലാതെയായി. ‘നിനക്കെങ്ങനെ അറിഞ്ഞു’ എന്ന് പരിഭ്രാന്തിയോടെ ഞാൻ ചോദിച്ചു. നിങ്ങളൊരു സെലബ്രിറ്റിയാണ്, ഞാനും എന്റെ സുഹൃത്തുക്കളും ഗുഗിളിൽ തിരഞ്ഞു. ആദ്യം തന്നെ നിങ്ങളുടെ വിവാഹ മോചന വാർത്തയാണ് ലഭിച്ചത്. നീങ്ങൾ വീണ്ടും വിവാഹതയായി അല്ലേ…? എന്ന് അവൾ മറുപടി പറഞ്ഞു’- നീലം കൊതാരി പറഞ്ഞു.

കണ്ണീരോടെയാണ് നീലം തന്റെ ആദ്യ വിവാഹ മോചന വാർത്തയെക്കുറിച്ച് ഓർത്തത്. മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നതായി തോന്നി. കുറച്ചു നിമിഷങ്ങളെടുത്താണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നീലം പറഞ്ഞു തുടങ്ങിയത്. വിവാഹത്തിനു പിന്നാലെ മറ്റൊരു രാജ്യത്തേക്ക് തന്നെ പറിച്ചു നട്ടു. അത് പല പ്രശ്‌നങ്ങൾക്കും കാരണമായെന്ന് നടി പറയുന്നു.

‘ഇന്ത്യൻ വസ്ത്രം ധരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. മാംസാഹാരവും മദ്യപാനവും ഉപേക്ഷിക്കാനും എന്നെ നിർബന്ധിച്ചു. എല്ലാം ഞാൻ ഓകെ ആയിരുന്നു. എന്റെ പേര് മാറ്റാൻ പറഞ്ഞു അതും ഞാൻ അനുസരിച്ചു. അത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ എന്റെ ഐഡന്റിറ്റി എങ്ങനെയാണ് ഞാൻ മാറ്റുക. അത് എനിക്ക് സാധിക്കില്ലായിരുന്നു. ഒരു പരിധിയെത്തിയപ്പോൾ ‘ഇതെങ്ങനെയാണ് അംഗീകരിക്കുക’ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. സൂപ്പർമാർക്കറ്റിലും മറ്റും ഇറങ്ങിച്ചെല്ലുമ്പോൾ പലരും അടുത്ത് വന്നു ചോദിക്കും, നിങ്ങൾ നടി നീലം അല്ലേ എന്ന്. എന്നാൽ അല്ല എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്’- നീലം കണ്ണീരോടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *