വിവാഹമോചനത്തില്‍ എത്തിച്ചേരുമായിരുന്നു, അന്ന് പൂര്‍ണിമയും ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടു’; പ്രിയ മോഹൻ

വിവാഹജീവിതത്തില്‍ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് അഭിനേതാക്കളും വ്‌ളോഗര്‍മാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. പ്രിയയുടെ സഹോദരിയും നടിയുമായ പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടാണ് വിവാഹമോചനം വരെ എത്തിയിരുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിച്ചതെന്ന് ഇരുവരും പറയുന്നു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വ്‌ളോഗിലാണ് അവര്‍ ഇക്കാര്യം തുറന്നു പറയുന്നത്.

‘മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുണ്ടായി. മിഡ് ലൈഫ് ക്രൈസിസ് എന്ന് പറയാം. വക്കീലിനെ വരെ കണ്ടിരുന്നു. അതിലേക്ക് നയിച്ച ഒരു കാരണവും എടുത്തു പറയാനില്ല. ഫ്രസ്‌ട്രേഷനും എടുത്തുചാട്ടവുമായിരുന്നു തീരുമാനത്തിന് പിന്നില്‍. അന്നത്തെ സാമ്പത്തിക സാഹചര്യവും അങ്ങനെയായിരുന്നു.

മകന്‍ ജനിച്ച സമയത്തായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. അന്ന് കുടുംബങ്ങള്‍ ഇടപെട്ടാണ് വിവാഹമോചനമെന്ന ചിന്ത മാറിപ്പോയത്. അനുവും ഇന്ദ്രേട്ടനും ഞങ്ങളോട് പരസ്പരം സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കില്‍ വിവാഹമോചനത്തില്‍ എത്തിച്ചേരുമായിരുന്നു. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടി സമയം കൊടുക്കൂ എന്നാണ് അവര്‍ പറഞ്ഞത്.’-പ്രിയ വ്യക്തമാക്കുന്നു.

അവരുടെ ഇടപെടല്‍ മാത്രമല്ല തീരുമാനത്തില്‍ നിന്ന് മാറാന്‍ കാരണമെന്നും അതൊരു എടുത്തുചാട്ടമായി സ്വയം തോന്നിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതെന്നും നിഹാല്‍ വ്യക്തമാക്കുന്നു. ‘ഇന്നത്തെ കാലത്ത് വേര്‍പിരിയാന്‍ എളുപ്പമാണ്. പ്രശ്‌നം പരിഹരിക്കാനാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ അത്യാവശ്യം സാമ്പത്തികമായി മികച്ച നിലയിലാണെങ്കില്‍ അവരുടെ ദാമ്പത്യത്തില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നം വന്നാല്‍ വീട്ടുകാര്‍ പറയുക, വിട്ടു പോന്നോളൂ, നമുക്ക് നോക്കാം എന്നായിരിക്കും. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എന്നത് എളുപ്പമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് പ്രയാസം.’-നിഹാല്‍ പറയുന്നു.

കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുമ്പോഴാണ് കൂടുതല്‍ ഫ്രസ്‌ട്രേഷനും പ്രശ്‌നങ്ങളുമുണ്ടാകുന്നത്. പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെയാണ് ഞങ്ങളുടെ ബന്ധം മികച്ചതാകാന്‍ തുടങ്ങിയതെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു.

‘വിവാഹം കഴിയുന്ന സമയത്ത് ഞാന്‍ സീരിയലില്‍ അഭിനയിക്കുകയായിരുന്നു. ഞാന്‍ ആ തിരക്കുകളിലായിരുന്നു. ഞാന്‍ മാറിനിന്ന് ജോലി ചെയ്യുകയായിരുന്നു. മകന്‍ വന്നതിനുശേഷം ഞാന്‍ മുഴുവന്‍ സമയവും വീട്ടിലായി. ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദാവസ്ഥ വരുമല്ലോ. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍. മുഴുവന്‍ സമയവും കുഞ്ഞിനെ നോക്കലും വീട്ടിലിരിക്കലും പ്രശ്‌നങ്ങളുണ്ടാക്കി. ആ സമയത്താണ് ഞങ്ങള്‍ വഴക്കിട്ടത്.’-പ്രിയ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *