‘വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’; പ്രിയാ വാര്യരെ ട്രോളി ഒമർ ലുലു

പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയെ പ്രശസ്തയാക്കിയ രംഗത്തെ കുറിച്ച് താരം അടുത്തിടെ നടത്തിയ പരാമർശമാണ് പോസ്റ്റിനാധാരം.

ദ പേളി മാണി ഷോയിലായിരുന്നു പ്രിയാ വാര്യറുടെ വെളിപ്പെടുത്തൽ. അഡാർ ലൗവിലെ കണ്ണിറുക്കുന്ന രംഗം താൻ സ്വയം കൈയ്യിൽ നിന്നിട്ട് ചെയ്തതാണെന്നായിരുന്നു പ്രിയാ വാര്യർ പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രിയ തന്നെ രംഗത്തെ കുറിച്ച് പറഞ്ഞ അഭിമുഖം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഒമർ ലുലുവിന്റെ മറുപടി. പഴയ ഇന്റർവ്യുവിൽ താരം പറയുന്നത് സംവിധായകൻ പറഞ്ഞതനുസരിച്ചാണ് കണ്ണിറുക്കിയതെന്നായിരുന്നു.

‘ഒമറിക്ക പറഞ്ഞു ഒരു പുരികം പൊക്കാൻ അറിയുമോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ശ്രമിക്കാമെന്ന്. അപ്പോൾ ഞാൻ ശ്രമിക്കാമെന്ന് പറഞ്ഞു എന്നാൽ ഒരു കണ്ണ് കൂടി അടയ്ക്കുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ആ സീൻ ചെയ്യുന്നത്’- പ്രിയ പറഞ്ഞതിങ്ങനെ.

പ്രിയാ വാര്യർ പരസ്പര വിരുദ്ധമായി പറഞ്ഞ ഈ രണ്ട് വിഡിയോയും കൂട്ടിച്ചേർത്ത് അപ്ലോഡ് ചെയ്തിരിക്കുകയാണ് ഒമർ ലുലു. ‘അഞ്ച് വർഷമായി പാവം കുട്ടി മറന്നതാകും. വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’- ഒമർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *