വന്‍ മരങ്ങള്‍ക്കിടയി’ലെന്ന് ടൊവിനോ, ‘മുട്ട പഫ്‌സിലെ മുട്ട’യെന്ന് ബേസില്‍; സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ചിത്രം

ടൊവിനോ തോമസിന്റേയും ബേസില്‍ ജോസഫിന്റെ സാമൂഹികമാധ്യമങ്ങളിലിലെ ഇടപെടലുകള്‍ പലപ്പോഴും രസകരമാണ്. ക്യാപ്ഷനുകളും കമന്റുകളുമായി ഇരുവരും പരസ്പരം ട്രോളുന്നത് ആരാധകരും അതേ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എല്‍2ഇ: എമ്പുരാന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ ടീസര്‍ ലോഞ്ച് ഇവന്റാണ് ഇതിനായി സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍സും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോയും ബേസിലും പരിപാടിയില്‍ ശ്രദ്ധേയസാന്നിധ്യമായിരുന്നു.

പരിപാടിയില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ടൊവിനോയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിനും ടീസര്‍ ലോഞ്ച് ചെയ്ത മമ്മൂട്ടിയുടേയും പിന്നിലിരിക്കുന്ന ടൊവിനോയുടേയും ബേസിലിന്റേയും ചിത്രമാണ് താരം പങ്കുവെച്ചത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഇടയിലൂടെ പിന്നിലിരിക്കുന്ന ഇരുവരേയും കാണുന്ന തരത്തിലായിരുന്നു ചിത്രം. ‘വന്‍ മരങ്ങള്‍ക്കിടയില്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് ടൊവിനോ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ രസകരമായ കമന്റുമായി ബേസില്‍ ജോസഫ് എത്തി. ‘മുട്ട പഫ്‌സിലെ മുട്ട’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. ഇതിന്റെ ചുവടുപിടിച്ച് ആരാധകരും രംഗത്തെത്തിയോടെ കമന്റ് ബോക്‌സില്‍ രസകരമായ മറുപടികളാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *