‘ലാൽ ചികിത്സ കഴിഞ്ഞ് താടി വളർത്തി വിശ്രമത്തിലായിരുന്നു, ആ രംഗം കട്ട് ചെയ്ത് പ്രദർശനം നടത്തി’; സിബി മലയിൽ

സിബി മലയിൽ എന്ന സംവിധായകനിൽ നിന്നും പിറന്നതിൽ ആളുകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്ലഹേം. രവിശങ്കർ എന്ന കഥാപാത്രമായി ജയറാമും ഡെന്നീസ് എന്ന കഥാപാത്രമായി സുരേഷ് ഗോപിയും മോനായിയായി കലാഭവൻ മണിയും തകർത്തു. രഞ്ജിത്തിന്റെ തിരക്കഥ അതിഗംഭീരവുമായിരുന്നു. അത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

അതുപോലെ ഈ സിനിമയിലെ പാട്ടുകൾ എല്ലാവരുടെയും മ്യൂസിക് പ്ലെയറിൽ എപ്പോഴും ഉണ്ടായിരിക്കും. അത്രക്കും മനോഹരമായാണ് വിദ്യാസാഗർ മ്യൂസിക് അണിയിച്ചൊരുക്കിയത്. ഒരു രാത്രി കൂടി വിടവാങ്ങവേ, മാരിവില്ലിൻ ഗോപുരങ്ങൾ, എത്രയോ ജന്മമായി, കുന്നിമണി കൂട്ടിൽ എന്നീ ഗാനങ്ങൾ പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളിൽ ഉൾപ്പെടുന്നവയാണ്.

അതുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഗസ്റ്റ് റോളുകളിൽ ഒന്നായ മോഹൻലാലിന്റെ നിരഞ്ജൻ പിറന്നതും സമ്മർ ഇൻ ബത്‌ലഹേമിലൂടെയാണ്. സിനിമ പുറത്തിറങ്ങി 26 വർഷം പിന്നിടുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് പറയാത്ത ചില വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ സിബി മലയിൽ.

ആമിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന നിരഞ്ജൻ എന്ന തരത്തിൽ ഒരു ഫാന്റസി സീൻ സിനിമയ്ക്കായി ഷൂട്ട് ചെയ്യുകയും തിയേറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് സിബി മലയിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരഞ്ജൻ ഒരേയൊരു സീനിൽ മാത്രമെ പ്രത്യക്ഷപ്പെടുന്നുള്ളൂ. രവിയേയും ഡെന്നിസിനേയും ഉപേക്ഷിച്ചാണ് നിരഞ്ജന് വേണ്ടി ആമി കാത്തിരിക്കുന്നത്.’

‘ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാൾ അത്രത്തോളം സ്‌പെഷ്യൽ ആയിരിക്കണം. അതാര്… കമൽഹാസന്റെയും രജിനികാന്തിന്റെയും പേരുകൾ വരെ ഞങ്ങൾ ആലോചിച്ചു. പിന്നീടൊരു പൊതു അഭിപ്രായം രൂപപ്പെട്ടു. നിരഞ്ജനായി മോഹൻലാൽ മതി. ആ സമയത്ത് ബെംഗളൂരുവിലെ ജിൻഡാൽ ആശുപത്രിയിൽ ആയുർവേദ ചികിത്സ കഴിഞ്ഞ് താടിയൊക്കെ വളർത്തി സുന്ദരക്കുട്ടനായി വിശ്രമത്തിലാണ് ലാൽ.’

‘ഞാനും രഞ്ജിത്തും അവിടെയെത്തി വിവരം പറഞ്ഞു. രണ്ട് ദിവസത്തെ കാര്യമല്ലേ… വരാമെന്ന് ലാൽ വാക്ക് നൽകി. ലാൽ-മഞ്ജു കോംബിനേഷനിൽ ഷൂട്ട് ചെയ്ത രണ്ട് സീനുകൾ ആ സിനിമയിൽ നിന്ന് പിന്നീട് വെട്ടി മാറ്റേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി പ്രേക്ഷകർ അറിഞ്ഞിട്ടില്ലാത്ത കാര്യമാണത്.’

‘നിരഞ്ജൻറെ മുന്നിൽ വെച്ചു ഡെന്നിസ് താലകെട്ടിയെങ്കിലും അയാളുടെ ഭാര്യയായി തുടരാൻ ആമി തയ്യാറാകുന്നില്ല. ബന്ധുക്കൾ ഒരുപാട് നിർബന്ധിച്ചിട്ടും അവൾ വഴങ്ങുന്നില്ല. ഈ അവസരത്തിൽ ആമിയുടെ മുന്നിൽ സ്വപ്നത്തിലെന്നവണ്ണം നിരഞ്ജൻ പ്രത്യക്ഷപ്പെട്ട് ഡെന്നീസിൻറെ ഭാര്യയായി ജീവിക്കാൻ പറയുന്നതായി ഒരു ഫാന്റസി രംഗം ചിത്രീകരിച്ചിരുന്നു.’

‘സിനിമ റിലീസായ ദിവസം ഞാൻ മദ്രാസിലാണ്. എറണാകുളത്ത് ആദ്യ ഷോ കണ്ടതിനുശേഷം സിയാദ് കോക്കർ വിളിച്ചു. ബന്ധുക്കൾ ആമിയെ നിർബന്ധിക്കുന്ന രംഗവും ലാൽ ഉൾപ്പെടുന്ന ഫാന്റസി സീനും അധികപ്പറ്റായി തോന്നുന്നു. അത് ഒഴിവാക്കിയാൽ കുറച്ചുകൂടി നന്നാകും. സീൻ വെട്ടിമാറ്റിയാൽ പടത്തെ ബാധിക്കുമെന്ന് ഞാൻ സംശയിച്ചു.’

‘അതിനാൽ സിയാദിന്റെ ഉടമസ്ഥതയിലുള്ള മൈമൂൺ തിയറ്ററിൽ മാത്രം അടുത്ത മാറ്റിനി ഷോയ്ക്ക് ആ രംഗം കട്ട് ചെയ്ത് പ്രദർശനം നടത്തി നോക്കാൻ പറഞ്ഞു. മാറ്റിനി കഴിഞ്ഞ് സിയാദ് വിളിച്ചു. ഒരു പ്രശ്‌നവുമില്ല. ആളുകൾ ഹാപ്പിയാണ്. അങ്ങനെയൊരു സീൻ ഉണ്ടായിരുന്നതായി എനിക്കുപോലും തോന്നിയില്ല. കേരളത്തിലെ എല്ലാ തിയറ്ററുകളിലും പിന്നീടുള്ള ഷോകളിൽ ആ രംഗം നീക്കം ചെയ്തു’, എന്നാണ് ഇതുവരെ പ്രേക്ഷകർക്ക് അറിയാത്ത രഹസ്യം വെളിപ്പെടുത്തി സിബി മലയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *