റെക്കോർഡ് സീൻ മാറ്റി; മലയാള സിനിമ ബോക്‌സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്‌സ്’

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിരുത്തിയത്.

ആഗോള ബോക്‌സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയിരിക്കുന്നത്. പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവിൽ ഉള്ള മികച്ച കളക്ഷൻ നേടിയ സിനിമകൾ.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്‌സ് റിലീസ് ചെയ്തത്.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *