രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ല; വിയോജിപ്പ് അറിയിച്ച് മുകേഷ് ഖന്ന

ശക്തിമാൻ സിനിമ വരുന്ന എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ബോളിവുഡ് താരം രൺവീർ സിങ്ങായിരിക്കും ചിത്രത്തിൽ ശക്തമാനാവുക എന്ന തരത്തിലും ചില വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ രൺവീർ ശക്തിമാനാവുന്നതിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.

പഴയ ശക്തിമാൻ സീരിയൽ താരമാണ് മുകേഷ് ഖന്ന. രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രൺവീർ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എല്ലാവരും അതിൽ അസ്വസ്ഥനായിരുന്നു, പക്ഷേ താൻ മൗനം പാലിച്ചു.

എന്നാൽ, രൺവീർ ചിത്രത്തിലേക്ക് കരാറായതായി ചാനൽ പ്രഖ്യാപിച്ചപ്പോൾ, തനിക്ക് വാ തുറക്കേണ്ടി വന്നു. ഇത്തരം ഒരു പ്രതിച്ഛായയുള്ള നടന് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞിട്ടുണ്ട്. താൻ കൈയ്യൊഴിയുകയാണ്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്ന് മുകേഷ് ഖന്ന വ്യക്തമാക്കി.

അതേസമയം, രൺവീർ ഒരു മാഗസിന് വേണ്ടി നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിനെ അപലപിക്കുന്ന വീഡിയോ മുകേഷ് തന്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്. ഫോട്ടോ ഷൂട്ടിൽ താൻ ‘കംഫർട്ട്’ ആണെന്ന് പറഞ്ഞ, രൺവീറിന്റെ പരാമർശത്തിൽ മുകേഷ് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. നഗ്നത സാധാരണമായ രാജ്യങ്ങളിലെ സിനിമയിൽ അഭിനയിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഫിൻലൻഡ്, സ്‌പെയ്ൻ മുതലായ രാജ്യങ്ങളിൽ ശരീരം പ്രദർശിപ്പിക്കാനാകും.

സ്‌പൈഡർമാനോടോ ബാറ്റ്മാനോടോ, ക്യാപ്റ്റൻ പ്ലാനെറ്റിനോടോ അല്ല നിങ്ങളുടെ മത്സരം എന്ന് താൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു. ശക്തിമാൻ ഒരു സൂപ്പർഹീറോ മാത്രമല്ല, അദ്ദേഹം ഒരു സൂപ്പർ ടീച്ചർ കൂടിയാണ്. അതിനാൽ ശക്തിമാനെ അവതരിപ്പിക്കുന്ന നടന് അദ്ദേഹം സംസാരിക്കുമ്പോൾ ആളുകൾ കേട്ടിരിക്കാനുള്ള യോഗ്യതയെങ്കിലും ഉണ്ടാവണമെന്ന് മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.

ഇവിടെ വലിയ അഭിനേതാക്കളുണ്ട്. എന്നാൽ അവരുടെ പ്രതിച്ഛായയും പരിഗണിക്കണമെന്നും മുകേഷ് ഖന്ന കൂട്ടിച്ചേർത്തു. എന്നാൽ, പോസ്റ്റുകൾ പങ്കുവച്ചതിന് പിന്നാലെ മുകേഷ് ഖന്ന തന്നെ ഇത് പിൻവലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *