യുവതയിലെ കുന്തവും കൊടചക്രവും, വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയുന്നു’; ജി. സുധാകരന്റെ കവിത

എസ്.എഫ്.ഐയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ ഒളിയമ്പുമായി ജി. സുധാകരന്റെ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിലാണ് ഒരുസാഹിത്യമാസികയില്‍ കവിത പ്രസിദ്ധീകരിച്ചത്. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് വിമര്‍ശനം.

‘ഞാന്‍ നടന്നുപാസിച്ച വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങവെ’ എന്ന വരിയിലാണ് കവിത ആരംഭിക്കുന്നത്. തന്റെ സഹോദരനുള്‍പ്പെടെ ഒരുപാടുപേരുടെ ചെഞ്ചോരയാല്‍ ചെങ്കതിര്‍ നിറം പൂണ്ട കൊടിയേന്താന്‍വന്ന യുവാക്കളുടെ സാഗരത്തില്‍ കന്മഷം കാട്ടുന്നവരും ചേര്‍ന്നോയെന്ന് കവിതയില്‍ ചോദിക്കുന്നു. ഇവര്‍ കാലക്കേടിന്റെ ദുര്‍ഭൂതങ്ങളാണെന്നും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ വാക്കുകള്‍ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവരാണെന്നും വിമര്‍ശിക്കുന്നു.

‘കുന്തവും കുടചക്രവ്യൂഹവും നയിക്കുന്നോ പൊന്‍ലോകം സൃഷ്ടിക്കേണ്ട ചൈതന്യസ്വരൂപത്തെ’, എന്ന ചോദ്യം ആലപ്പുഴയില്‍നിന്ന് തന്നെയുള്ള സി.പി.എം. നേതാവ് സജി ചെറിയാനെതിരെയുള്ള വിമര്‍ശനമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രക്ഷസാക്ഷി കുടുംബത്തിന് നേരെ ദുര്‍മണം വിതറുന്ന വാക്കുകള്‍ ഉതിര്‍ക്കുന്നുവെന്നും വിമര്‍ശനമുണ്ട്.

‘ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നത് പാര്‍ട്ടിക്കും രക്തസാക്ഷികള്‍ക്കും വിപ്ലവത്തിനും ജനത്തിനുമാണ്. കുരങ്ങന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാറില്ല. പ്രത്യയശാസ്ത്രപരമായ വലിയ ശൂന്യതയാണത്. അത് മനസില്‍കൊണ്ടു, കുടുംബത്തേയാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ആളുകള്‍ പ്രസ്ഥാനത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ഈ കാര്യമാണ് എഴുതിയിരിക്കുന്നത്. അത് എസ്.എഫ്.ഐക്കുറിച്ചാണ് എന്ന് പറഞ്ഞത് അങ്ങേയറ്റം വേദനാജനകമാണ്’, എന്നായിരുന്നു കവിത വിവാദമായതോടെ ജി. സുധാകരന്റെ വിശദീകരണം.

എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന യുവനേതാവിനെതിരെയാണ് സുധാകരന്റെ വിമര്‍ശനം. പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്റെ വേദിയായാണ് സംഘടനയെ ഇവര്‍ മനസിലാക്കിയതെന്നും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *