മുൻകോപക്കാരനാണെന്ന് എല്ലാവർക്കും അറിയാം, പ്രണയങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചിട്ടുണ്ട്; ഷെയ്ൻ നിഗം

സിനിമാ രംഗത്ത് തുടരെ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയ്ൻ നിഗം. കരിയറിലെ തുടക്ക കാലം മുതൽ ശ്രദ്ധേയ സിനിമകൾ ലഭിച്ചെങ്കിലും ഇവയ്‌ക്കൊപ്പം നടനെതിരെ വന്ന ആരോപണങ്ങളും ചർച്ചയായി. ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കൽ, നിർമാതാക്കളുമായുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വന്ന വിമർശനങ്ങൾ. ആർഡിഎക്‌സിന്റെ വൻ വിജയമാണ് നടന് ഒരു പരിധി വരെ പ്രശ്‌നങ്ങൾക്കിടയിൽ ആശ്വാസമായത്.

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. തനിക്കുണ്ടായ പ്രണയങ്ങളെക്കുറിച്ചാണ് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ ഷെയ്ൻ നിഗം സംസാരിച്ചത്. തന്റെ പ്രണയങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചിട്ടുണ്ടെന്ന് ഷെയ്ൻ നിഗം പറയുന്നു.

എന്റേത് പ്രത്യേക തരം റിലേഷൻഷിപ്പുകളായിരുന്നു. അധിക സമയം നിൽക്കില്ല. പെട്ടെന്ന് ഇൻവോൾവ്ഡ് ആകും. പെട്ടെന്ന് അതെന്തോ ഇല്ലാതായി പോകുന്നത് പോലെ തോന്നും. ഞാൻ വളരെ ഓപ്പണാണ്, എല്ലാ കാര്യങ്ങളും പറയും. ഭയങ്കര സ്‌നേഹമാണ്. ഇതുവരെ സ്‌നേഹിച്ച എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. വെറുപ്പൊന്നും ഇല്ല. പക്ഷെ എവിടെയോ അത് മുന്നോട്ട് പോകില്ലെന്ന് പരസ്പരം തോന്നും. അങ്ങനെയാണ് ആ ബന്ധങ്ങൾ ഇല്ലാതായി പോകുന്നതെന്ന് ഷെയ്ൻ നിഗം വ്യക്തമാക്കി.

തുടക്ക സമയത്ത് നമുക്കൊരു കാഴ്ചപ്പാട് ഉണ്ടാകും. ഞാൻ ഇത്തരം പെൺകുട്ടിയെയേ സ്‌നേഹിക്കൂ എന്ന്. ഈ കാഴ്ചപ്പാടുകൾക്ക് വിപരീതമായ പെൺകുട്ടികളെ ഞാൻ സ്‌നേഹിച്ചിട്ടുണ്ടെന്നും ഷെയ്ൻ നിഗം തുറന്ന് പറഞ്ഞു. നമുക്ക് നമ്മളെക്കുറിച്ച് ഒരു പൂർണ ധാരണ ഉണ്ടെങ്കിലേ വേറൊരാൾ നമുക്ക് പറ്റുമോ എന്നറിയാൻ പറ്റൂ. അതിന് സമയം കൊടുത്താലേ ഗ്രീൻ ഫ്‌ലാഗും റെഡ് ഫ്‌ലാഗും വർക്കാകൂ.

പ്രണയ ബന്ധത്തിൽ കുറച്ച് കൂടെ ശ്രമിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന തോന്നലുണ്ടായിട്ടുണ്ടെന്നും ഷെയ്ൻ നിഗം പറയുന്നു. ഇടയ്ക്ക് ഒരു റിലേഷൻഷിപ്പിൽ തോന്നിയിട്ടുണ്ട്. പക്ഷെ അവൾ പോയ്‌ക്കോട്ടെയെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഞാൻ ദേഷ്യക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം. ഞാൻ രണ്ട് മുഖമൊന്നും വെച്ച് ജീവിക്കുന്ന ആളല്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു.

ലിപ് ലോക്ക്, ഇന്റിമേറ്റ് രംഗങ്ങൾ എന്നിവ ചെയ്യാൻ താൻ തയ്യാറല്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. തനിക്ക് തന്റെ സിനിമ വീട്ടുകാർക്കൊപ്പം കാണണം. അല്ലാത്ത സിനിമകൾ താൻ ചെയ്യില്ലെന്നും ഷെയ്ൻ നിഗം പറയുന്നു. അഭിമുഖത്തിൽ പിതാവ് അന്തരിച്ച നടൻ അബിയെക്കുറിച്ചും ഷെയ്ൻ നിഗം സംസാരിക്കുന്നുണ്ട്. ജീവിക്കുന്നത് പോലെ അഭിനയിച്ച് കാണിക്കണമെന്നാണ് വാപ്പച്ചി പറഞ്ഞത്. സിനിമകളിൽ അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം തുറന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *