മാളികപ്പുറത്തിന്റെ വിജയം; അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയിലെത്തി ഉണ്ണി മുകുന്ദൻ

തിയേറ്ററുകൾ നിറഞ്ഞോടുകയാണ് മാളികപ്പുറം. മികച്ച കളക്ഷനുമായി ചിത്രം മുന്നേറവേ സന്നിധാനം സന്ദർശിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.

ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ തന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ മേപ്പടിയാൻ റിലീസ് ആയതും ജനുവരി 14 ന് ആയിരുന്നു. ഇന്ന് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടി മാളികപ്പുറം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ അയ്യപ്പനായി അഭിനയിക്കാനുള്ള ഭാ​ഗ്യമുണ്ടായി. ഈ സിനിമ ഇത്രയും വലിയ വിജയമാക്കി മാറ്റിയതിന് അയ്യപ്പനോട് നന്ദി പറയാനാണ് ഞാൻ വന്നിരിക്കുന്നത്. ഇനി ഇങ്ങനെയൊരു അവസരം കിട്ടുമോയെന്ന് അറിയില്ല. ഈ ചിത്രം വലിയ വിജയമാക്കിയതിന് എന്റെ ടീമിനോടും കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു. കേരളത്തിന് പുറത്ത് സിനിമ ഇപ്പോൾ റീലീസ് ചെയ്തിട്ടുണ്ട്. അവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്. അവരോടും നന്ദി പറയുന്നു. ഉണ്ണി മുകുന്ദൻ പറഞ്ഞു.

സൈജുകുറുപ്പ്,രമേഷ് പിഷാരടി,ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. നവാ​ഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആൻ മെ​ഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *