‘മണിക്ക് കൊടുത്തതുകൊണ്ട് ലാലിന് ഒരു കുഴപ്പവും വരികയില്ല എന്നാണ് ഞാൻ പറഞ്ഞത്, എന്റെ ഒരു ചിത്രത്തിനും അവാർഡ് കിട്ടാൻ ശ്രമിച്ചിട്ടില്ല’; വിനയൻ

മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഉണ്ടായത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ സിനിമയിലാണ്. 2000ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തെ തുടർന്ന് നടൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകൾ മലയാളികൾക്ക് അറിയാവുന്നതാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമാണ് മികച്ച നടൻ പ്രതീക്ഷിച്ച മണിക്ക് ലഭിച്ചത്.

അന്ന് മണിയെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിൽ ചിത്രത്തിന്റെ സംവിധായകൻ വിനയനും വിർശനം കേൾക്കേണ്ടി വന്നിരുന്നു. ആ വിഷയത്തിൽ സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ വിനയൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. വിനയന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘ഞാൻ എന്റെ ഒരു ചിത്രത്തിനും അവാർഡ് കിട്ടാൻ ശ്രമിച്ചിട്ടില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അവാർഡിന് അയച്ചശേഷം ഞാൻ അടുത്ത ജോലിക്ക് പോയി.’

‘മറ്റുള്ളവരൊക്കെ ബ്രോഷറും മറ്റും അടിച്ചെല്ലാം വരുന്ന ജഡ്ജസിന് കൊടുക്കും. കാരണം അവർ മലയാളികൾ ആയിരിക്കില്ലല്ലോ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ലിസ്റ്റിൽ വന്നപ്പോൾ അത് ഭയങ്കര സംഭവമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു സിനിമ വാനപ്രസ്ഥമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ലിസ്റ്റിൽ വന്നതിൽ തെറ്റില്ലെന്ന് നമ്മുടെ മനസാക്ഷിക്ക് തോന്നിയിരുന്നു.’

‘കാരണം അത് നല്ലൊരു ഫീലുണ്ടാകുന്ന സിനിമയായിരുന്നു. പച്ചയായ ജീവിതഗന്ധിയായ പടമാണ്. മണി ഫൈനൽ ലിസ്റ്റിലുണ്ടെന്നും ഇൻഫോർമേഷൻ കിട്ടിയിരുന്നു. അതേസമയം ആരോ ചാലക്കുടിയിലെ വീട്ടിലിരുന്ന മണിയെ വിളിച്ച് മണിക്കാണ് മികച്ച നടനുള്ള ദേശീയ അവാർഡെന്ന് പറഞ്ഞു. ഉടൻ മണി എന്നെ വിളിച്ചു.’

‘അപ്പോൾ ഞാൻ മണിയോട് പറഞ്ഞു ഇപ്പോൾ കൺഫേം ചെയ്യേണ്ട അനൗൺസ്‌മെന്റ് വരട്ടേയെന്ന്. പക്ഷെ അപ്പോഴേക്കും മണിയുടെ സുഹൃത്തുക്കൾ അവിടെ ഇത് ആഘോഷമാക്കി. ചെണ്ടകൊട്ടലും ബഹളുമായി. അങ്ങനെ ലാസ്റ്റ് വന്നപ്പോളാണ് അറിഞ്ഞത് മണിക്കല്ല അവാർഡ് വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹൻലാലിനാണെന്ന്. പിന്നെ മണിക്ക് സ്‌പെഷ്യൽ ജൂറി അവാർഡും കിട്ടിയിരുന്നു.’

‘മണിക്ക് അത് ഫീൽ ചെയ്ത് മണി ബോധം കെട്ട് വീണു. മാത്രമല്ല മണിയെന്ന കലാകാരനെ ചിലർ അധിക്ഷേപിക്കുന്ന രീതിയിലും സംസാരിച്ചു. സത്യത്തിൽ അത് ശരിയല്ല. ജീവത്തിന്റെ യാതൊരു പ്രൗഢിയും അനുഭവിക്കാത്ത ഒരു മനുഷ്യൻ സിനിമയിലേക്ക് വന്ന് അഭിനയിച്ച് അദ്ദേഹത്തിന്റെ സിനിമ നാഷണൽ അവാർഡിന് വരെ പരിഗണിക്കുക.’

‘പിന്നീട് അവാർഡ് കിട്ടിയെന്ന് ഇൻഫോർമേഷൻ വരിക. അതൊക്കെ കൊണ്ട് അയാൾക്കുണ്ടായ മോഹഭംഗത്തിന്റെ അവസ്ഥയായിരിക്കാം. ഞാൻ അന്ന് ഒരു കാര്യമെ പറഞ്ഞുള്ളു. ഇന്ത്യ കണ്ട അതുല്യനടന് വാനപ്രസ്ഥത്തിലെ അഭിനയത്തിന് അവാർഡ് കൊടുത്തതിൽ യാതൊരു തെറ്റുമില്ല. പക്ഷെ ലാൽ അതിന് മുമ്പും നിരവധി അവാർഡ് മേടിച്ചിട്ടുണ്ട്. മണിക്ക് ചിലപ്പോൾ ജീവിതത്തിൽ ഒരു അവാർഡ് മേടിക്കാൻ പറ്റില്ലായിരിക്കാം.’

‘അതുകൊണ്ട് അടിസ്ഥാന വർഗത്തിൽ നിന്നും വളർന്ന് വന്ന കലാകാരൻ എന്ന നിലയ്ക്ക് അയാൾ ഒട്ടും മോശക്കാരനല്ലെന്ന് തോന്നിയെങ്കിൽ അയാൾക്ക് അവാർഡ് കൊടുക്കാമായിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഒരിക്കലും ലാലിന് ഒരു കുഴപ്പവും വരികയില്ല എന്നൊരു അഭിപ്രായമാണ് ഞാൻ പറഞ്ഞത്’, എന്നാണ് വിനയൻ വിഷയത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് വിശദമാക്കി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *