‘മക്കളുണ്ടായിട്ടും ഇങ്ങനെയാണെങ്കിൽ റിലേഷൻഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ’; മേതിൽ ദേവിക

നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മേതിൽ ദേവിക. നിരവധി പരീക്ഷണങ്ങളും നർത്തകിയെന്ന നിലയിൽ മേതിൽ ദേവിക നടത്തി. കഴിഞ്ഞ ദിവസമാണ് കേൾവി ശക്തിയില്ലാത്തവർക്ക് നൃത്തമാസ്വദിക്കാൻ വേണ്ടി മേതിൽ ക്രോസ് ഓവർ എന്ന പേരിൽ മോഹിനിയാട്ടം ഡോക്യുമെന്ററി തയ്യാറാക്കിയ വാർത്ത പുറത്ത് വന്നത്.

സിനിമാ രംഗത്തെ ലൈം ലൈറ്റ് ഇല്ലാതെ നൃത്തത്തിലൂടെ മാത്രം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാൻ മേതിൽ ദേവികയ്ക്ക് കഴിഞ്ഞു. നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹവും വേർപിരിയലും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒന്നിച്ച് പോകാൻ പറ്റാത്തതോടെ രണ്ട് പേരും രമ്യമായി പിരിയുകയാണുണ്ടായത്. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിയുകയാണുണ്ടായത്. ഇപ്പോഴിതാ റിലേഷൻഷിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക.

പങ്കാളിയുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാവരും ഒറ്റയ്ക്കാണെന്ന് മേതിൽ ദേവിക പറയുന്നു. വണ്ടർവാൾ മീഡിയയോടാണ് പ്രതികരണം. വ്യക്തിപരമായ പ്രശ്‌നങ്ങൾ കലയെ ബാധിക്കാൻ പാടില്ല. റിലേഷൻഷിപ്പ് തന്നെ വേണമെന്നില്ല. എന്റെ ആരോഗ്യം മോശമായാൽ ആർട്ടിനെ ബാധിക്കും. കുടുംബത്തിൽ ആർക്കെങ്കിലും വയ്യാണ്ടായാൽ ഞാൻ കലയെന്നും പറഞ്ഞ് നടന്നാൽ ശരിയാവുമോ. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.

പക്ഷെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി ഞാൻ തയ്യാറെടുത്തിട്ടുണ്ട്. ചെയ്യേണ്ട സമയത്ത് എല്ലാംചെയ്ത് വെക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. റിലേഷൻഷിപ്പ് തന്നെ കലയെ ബാധിക്കണമെന്നില്ല. എന്തും ബാധിക്കാം. ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ കലയെ ബാധിക്കരുതെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി.

പങ്കാളികളുള്ള പലർക്കും പാർട്ണർഷിപ്പ് ഉണ്ടെന്നേ ഉള്ളൂ. ഒറ്റയ്ക്ക് തന്നെയായിരിക്കും. അങ്ങനെ എത്ര പേരെ കാണിക്കാം. വെളിയിൽ പാർട്ണർഷിപ്പൊക്കെ ഉണ്ട്. പക്ഷെ ഒറ്റയ്ക്ക് തന്നെയായിരിക്കും പലരും പലതും ചെയ്യുന്നത്. അടിസ്ഥാനപരമായി നമ്മളെല്ലാം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്റെ അമ്മയ്ക്ക് മൂന്ന് പെൺകുട്ടികളാണ്. ഞാൻ ഇവിടെയുണ്ട്. സഹോദരിമാർ പുറത്താണ്. എല്ലാവരും കഴിയുന്നതും വരും. എന്നാലും അമ്മ അനുഭവിക്കേണ്ട ചില വേദന അമ്മ തന്നെ അനുഭവിക്കണം. അത് പങ്കുവെക്കാൻ പറ്റില്ല.

ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പോലും എത്തിപ്പെടാൻ സമയമെടുക്കുന്നു. മക്കളുണ്ടെങ്കിലും നമ്മൾ ഒറ്റയ്ക്കാണ്. അപ്പോൾ പിന്നെ പാർടണർഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ. കാലക്രമേണ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ ഒറ്റയ്ക്കാകുമെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി.

വ്യക്തിപരമായി അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. വർക്കിൽ തന്നെയാണ് അഭിമാനം തോന്നാറ്. സ്റ്റേജിൽ എനിക്ക് കൈയടി കിട്ടുമ്പോൾ അഭിമാനം തോന്നും. ഞാൻ അവസരം കൊടുത്ത വ്യക്തികൾക്ക് വീണ്ടും അവസരം കിട്ടുമ്പോൾ അഭിമാനം തോന്നുമെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം മേതിൽ ദേവികയെക്കുറിച്ച് മുകേഷും സംസാരിച്ചിരുന്നു. വിവാഹമോചന സമയത്ത് മേതിൽ ദേവിക തനിക്കെതിരെ സംസാരിക്കുമെന്ന് മാധ്യമങ്ങൾ കരുതി. എന്നാൽ അതുണ്ടായില്ല. മേതിൽ ദേവികയുമായോ ആദ്യ ഭാര്യ സരിതയുമായോ തനിക്കൊരു പ്രശ്‌നവും ഇല്ലെന്നും മുകേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *