‘ഭയങ്കര സ്ട്രെയിൻ എടുക്കുന്ന ആളൊന്നുമല്ല മോഹ​ൻലാൽ; മമ്മൂട്ടി അടുത്തതെന്ത് എന്ന് ചിന്തിക്കുന്ന ആളാണ്’: സിബി മലയിൽ

മലയാള സിനിമാ ലോകത്ത് നിരവധി മികച്ച സിനിമകൾ കൊണ്ട് വരാൻ കഴിഞ്ഞ സംവിധായകനാണ് സിബി മലയിൽ. കരിയറിനോടുള്ള ആത്മാർത്ഥത കൊണ്ടാണ് മമ്മൂട്ടിക്കും മോഹൻലാലിനും ഇന്നും കരിയറിൽ തുടരാൻ കഴിയുന്നതെന്ന് സിബി മലയിൽ പറയുന്നു. അവരുടെ ഡെഡിക്കേഷനാണത്. അവർക്ക് വേറൊന്നുമില്ല, സിനിമ തന്നെയാണ്. മോഹൻലാലിന് അത് സ്വാഭാവികമാണ്. അതിന് വേണ്ടി ഭയങ്കര സ്ട്രെയിൻ എടുക്കുന്ന ആളൊന്നുമല്ല മോഹ​ൻലാൽ.

മമ്മൂട്ടിക്ക് ഈസിയായി ചെയ്യാൻ പറ്റില്ലെന്നല്ല. മമ്മൂട്ടി എന്നും പുതിയത്, അടുത്തതെന്ത് എന്ന് ചിന്തിക്കുന്ന ആളാണ്. മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ ഇപ്പോൾ ചെയ്യുന്ന സിനിമയല്ല അ​ദ്ദേഹത്തിന്റെ പ്രശ്നം അടുത്ത സിനിമയാണ്. പണ്ട് തൊട്ടെ അങ്ങനെയാണ്. ഞാനങ്ങോട്ട് ചെന്ന് അവസരം വാങ്ങാറാണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. നമ്മളെയാെക്കെ അപ്രോച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പുതിയ ആൾക്കാരെ കണ്ടെത്തും.

ലാൽ അങ്ങനെ അന്വേഷിച്ച് നടക്കാറില്ല. ലാലിലേക്ക് എത്തുന്നതിൽ നല്ലതെടുക്കാനാണ് ലാൽ ശ്രമിക്കുക. അവരുടെ കഴിവ് തന്നെയാണ് ഇത്രയും കരിയറിൽ ഇത്രയും നാൾ നിൽക്കാൻ കാരണം. അത്രയും ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കാൻ പോകുന്ന ആർട്ടിസ്റ്റുകൾ ഇനി ഉണ്ടാകുമോ എന്ന് പറയാൻ കഴിയില്ല. കിരീടം, ദശരഥം, സദയം തുടങ്ങിയ സിനിമകളൊക്കെ 29 വയസിനും 30 വയസിനും ഇടയിൽ അ​ദ്ദേഹം ചെയ്തതാണ്.

ആ പ്രായത്തിലുള്ള ഇപ്പോഴത്തെ ഏത് ആക്ടർക്കാണ് ആ റേഞ്ചിൽ ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. അതിനപ്പുറം ചെയ്യാൻ പറ്റുന്നവർ നമുക്കുണ്ട്. അതിനപ്പുറത്തേക്ക് പ്രായവും എത്തിക്കഴിഞ്ഞു. ഫഹദ് ആണ് ആ റേഞ്ചിൽ കാണാൻ പറ്റുന്ന പ്രധാനപ്പെട്ട ആക്ടർ. പക്ഷെ ആ പ്രായം കഴിഞ്ഞിട്ടാണ് അദ്ദേഹവും ചെയ്യുന്നത്. ഒരുപക്ഷെ അവർക്ക് അത്രയും ശക്തമായ കഥാപാത്രങ്ങൾ അവർക്ക് കിട്ടുന്നുണ്ടാവില്ല. എത്തിയാൽ അവരും ചെയ്യുമായിരിക്കുമെന്നും സിബി മലയിൽ വ്യക്തമാക്കി.

മമ്മൂട്ടിക്കൊപ്പം അധികം സിനിമകൾ ചെയ്യാതിരുന്നതിനെക്കുറിച്ചും സിബി മലയിൽ സംസാരിച്ചു. അതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. ലാലുമായുള്ള സിനമകൾ തുടരെ വന്ന് കൊണ്ടിരുന്നു. അങ്ങനെയൊരു ട്രാക്കിൽ പോയി. ഇടയ്ക്ക് ഒരു സിനിമ ചെയ്യാൻ മമ്മൂട്ടി തന്നെ ഒരാൾ വഴി എന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഒരു പ്രൊജക്ട് ചെയ്തു, ജീവിതമെന്ന അത്ഭുതം എന്ന ഡോ. ​ഗം​ഗാധരന്റെ പുസ്തകമാണ്.

അതിനെ ബേസ് ചെയ്ത കഥയായിരുന്നു. മമ്മൂട്ടിയുമായി സംസാരിച്ചു. അദ്ദേഹം ചെയ്യാൻ തയ്യാറായി. പക്ഷെ പ്രൊഡ്യൂസറു‌ടെ ഭാ​ഗത്ത് നിന്നും പിന്മാറ്റം വന്നപ്പോൾ ഇനി അത് ചെയ്യേണ്ട, നല്ല സൂചനയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇപ്പോൾ മമ്മൂട്ടിയെ വെച്ചുള്ള ഒരു പ്രൊജക്ട് തന്റെ ചിന്തയിലുണ്ടെന്നും സിബി മലയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *